രാജ്യത്ത് എല്ലാ വർഷവും മേയ് 12 ദേശീയ അവയവദാന ദിനമായി ആചരിക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും, സഹജീവികളോടുള്ള കാരുണ്യം സമൂഹത്തിൽ വളർത്തുകയും ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. അവയവദാന പ്രോത്സാഹനം ലക്ഷ്യമിട്ട് സൗദിയിൽ സർക്കാാർ ആരോഗ്യ വകുപ്പുകൾക്ക് കീഴിൽ കാമ്പയിനും സംഘടപ്പിച്ചു വരുന്നുണ്ട്.
ഇതിൻറെ ഭാഗമായി നിരവധി പേർ ഇതിനകം അവയവ ദാനത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനകം പദ്ധതിയുടെ ഭാഗമായവർക്ക് രാജ്യം ഉന്നത ബഹുമതിയായ കിങ് അബ്ദുൽ അസീസ് പുരസ്‌കാരവും നൽകി ആദരിക്കുകയും ചെയ്തു.
ഇതിന്റെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനം. കൂടാതെ, രാജ്യത്തെ സാമൂഹിക സാമ്പത്തിക മേഖലകൾക്ക് പുതിയ ദിശാബോധം നൽകുന്ന സഹകരണ നിയമത്തിനും മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകി.

















