പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം കത്രീന കൈഫിന്റെ ശരീരപ്രകൃതിയെ അധിക്ഷേപിച്ച ട്രോളന്മാർക്കെതിരെ ശക്തമായി പ്രതികരിച്ച് നടി ശിവലീക ഒബ്‌റോയ്. പ്രസവാനന്തരം ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെ കളിയാക്കുന്ന ആളുകളുടെ മനോഭാവം ഭ്രാന്തമാണെന്ന് ശിവലീക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അന്തരിച്ച സംവിധായകൻ കുക്കു കോഹ്ലിയുടെ പ്രാർത്ഥനാ ചടങ്ങിൽ ഭർത്താവ് വിക്കി കൗശലിനൊപ്പം എത്തിയ കത്രീനയുടെ വീഡിയോ പ്രചരിച്ചതോടെയാണ് സൈബർ അധിക്ഷേപം ആരംഭിച്ചത്. ‘കിളവിയായി’, ‘പഴയ ലുക്ക് നഷ്ടപ്പെട്ടു’ തുടങ്ങിയ പരിഹാസ കമന്റുകളുമായി ചിലർ രംഗത്തെത്തി.
“മാതൃത്വം എന്നാൽ ക്ഷീണവും ശരീരത്തിലെ നീരുവെക്കലും അസ്വസ്ഥതകളും നിറഞ്ഞ സാധാരണമായ ഒരു ഘട്ടമാണ്. സമൂഹമുണ്ടാക്കിവെച്ച സൗന്ദര്യ ചട്ടക്കൂടുകൾ പ്രസവിച്ച സ്ത്രീകളിൽ അടിച്ചേൽപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം,” എന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് അമ്മയായ ശിവലീക പ്രതികരിച്ചു.
സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിംഗിനെതിരെ കത്രീനയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരും സിനിമാ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

















