നീറ്റ് പരീക്ഷകൾ പൂർണ്ണമായും ഓൺലൈൻ (Computer Based Test) രീതിയിലേക്ക് മാറ്റുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA). ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും പരീക്ഷാ രീതി കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് ഈ വലിയ മാറ്റം.
ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ) സഹായം എൻ.ടി.എ തേടിയിട്ടുണ്ട്.
സർക്കാരിന് കീഴിലുള്ള എൻജിനീയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ, മറ്റ് സാങ്കേതിക/മാനേജ്‌മെന്റ് സ്ഥാപനങ്ങൾ എന്നിവയിലെ കമ്പ്യൂട്ടർ, ഐ.ടി അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങൾ നൽകാൻ എ.ഐ.സി.ടി.ഇ നിർദ്ദേശം നൽകിയിട്ടുണ്ട്.
കമ്പ്യൂട്ടറുകളുടെ എണ്ണം, ഇന്റർനെറ്റ് വേഗത, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യതയ്ക്കുള്ള യു.പി.എസ് സൗകര്യങ്ങൾ, സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങൾ, പരീക്ഷാ കേന്ദ്രങ്ങളായി മാറ്റാൻ സാധിക്കുന്ന ഒഴിവുള്ള സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്.
വിവരങ്ങൾ ശേഖരിച്ച് അതത് സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 15-നകം പ്രത്യേക ഫോർമാറ്റിൽ സമർപ്പിക്കണം. സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറച്ച്, സർക്കാർ സ്ഥാപനങ്ങളിൽ ‘സ്റ്റാൻഡേർഡ് ടെസ്റ്റിംഗ് സെന്ററുകൾ’ (എസ്.ടി.സി) സ്ഥാപിക്കുക വഴി പരീക്ഷകളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് എൻ.ടി.എ ലക്ഷ്യമിടുന്നത്.

















