ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവേ, കേസിന്റെ തുടർന്നുള്ള അന്വേഷണ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹർജി നിലനിൽക്കുന്നുണ്ടെന്ന് കരുതി അന്വേഷണ നടപടികൾ നിർത്തിവെക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. കേസിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ലെന്നും കോടതിയുടെ പരിഗണനയിൽ മാത്രമാണെന്നും വ്യക്തമാക്കിക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടി.
അതേസമയം ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ മറുപടി നൽകുന്നതിനായി പി.എസ്.സി ഇന്ന് ഒക്ടോബർ 13 ന് കൂടുതൽ സമയം ആവശ്യപ്പെട്ടു.
കേസ് നീട്ടിക്കൊണ്ടുപോകാനാണ് പി.എസ്.സി ശ്രമിക്കുന്നതെന്ന വിലയിരുത്തലുകൾക്കിടെയാണ് കേസ് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാൻ കോടതി മാറ്റിയത്.
നിലവിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പി.എസ്.സി.
പരീക്ഷയിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ ബോധപൂർവ്വം മൂല്യനിർണ്ണയം നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
വിവാദങ്ങൾക്ക് പിന്നാലെ നടന്ന പുനർമൂല്യനിർണ്ണയത്തിൽ റാങ്ക് പട്ടിക പൂർണ്ണമായും മാറിമറിഞ്ഞു. പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കിലെത്തുകയും, പുതിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ പി.എസ്.സി വേഗത്തിൽ അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്തു.















