സാധാരണയായി സൂര്യോദയം കാണാൻ കടൽത്തീരങ്ങളോ മലനിരകളോ ആണ് ആളുകൾ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ഇന്ത്യയിൽ ഏറ്റവും ആദ്യം സൂര്യകിരണങ്ങൾ പതിക്കുന്ന അരുണാചൽ പ്രദേശിലെ ഡോങ് താഴ്‌വരയിൽ പ്രഭാതം കാണണമെങ്കിൽ അർദ്ധരാത്രിയിൽ തന്നെ യാത്ര തുടങ്ങണം.
അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ, വാലോങിന് അടുത്ത് ലോഹിത് നദിയുടെ തീരപ്രദേശത്താണ് ഡോങ് ഗ്രാമവും താഴ്‌വരയും സ്ഥിതി ചെയ്യുന്നത്.
അർദ്ധരാത്രി ഇരുട്ടിൽ മലഞ്ചെരുവുകളിലൂടെ സഞ്ചരിച്ച് പുലർച്ചെയോടെ വ്യൂപോയിന്റിൽ എത്താം. കാടുകൾ നിറഞ്ഞ മലനിരകളും വളഞ്ഞുപുളഞ്ഞ പാതകളും കടന്നെത്തുമ്പോൾ കിഴക്കൻ ആകാശത്ത് കുങ്കുമവർണം പടർത്തി സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ്.
സമീപത്തുള്ള വാലോങ് (7 കി.മീ അകലെ), ഇന്ത്യയുടെ കിഴക്കേയറ്റത്തെ ജനവാസ മേഖലയായ കിബുത്തു, പൈൻ മരക്കൂട്ടങ്ങൾ, മഞ്ഞുമൂടിയ താഴ്‌വരകൾ എന്നിവയും പ്രധാന കാഴ്ചകളാണ്.
വിമാനമാർഗ്ഗം: അസമിലെ ദിബ്രുഗഢ് ആണ് അടുത്തുള്ള പ്രധാന വിമാനത്താവളം.
ട്രെയിൻ മാർഗ്ഗം: ന്യൂ ടിൻസുകിയ ജംഗ്ഷനാണ് സമീപത്തെ പ്രധാന റെയിൽവേ സ്റ്റേഷൻ.
റോഡ് മാർഗ്ഗം: ടിൻസുകിയ, തേസു, ഹയുലിയാങ്, വലോങ് വഴിയാണ് സഞ്ചാരികൾ ഡോങിലേക്ക് എത്തുന്നത്.