വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി കർക്കശമാക്കി യുഎഇ. വ്യാജമോ മായംചേർത്തതോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപന്നങ്ങൾ വിൽപനയിൽനിന്ന് പിൻവലിക്കാൻ വിതരണക്കാർക്ക് ഇനി 24 മണിക്കൂർ മാത്രം.
വീഴ്ച വരുത്തിയാൽ അധികൃതർ നേരിട്ട് ഉൽപന്നങ്ങൾ പിടിച്ചെടുക്കും. ഇതിനുള്ള ചെലവ് വ്യാപാരികളിൽനിന്ന് ഈടാക്കും.വ്യാജമെന്നും സുരക്ഷിതമല്ലാത്തതെന്നും കണ്ടെത്തിയാൽ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ 24 മണിക്കൂർ സമയം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
അപകടകരമാണെന്ന് കണ്ടെത്തിയാൽ അതിന് മുമ്പ് തന്നെ പിൻവലിക്കണം. ഉൽപന്നങ്ങൾ പിൻവലിക്കുന്നതിനൊപ്പം പിൻവലിച്ചതായി ജനങ്ങളെ അറിയിക്കുന്ന രീതിയിൽ ഇംഗ്ലീഷിലും അറബിയിലും അറിയിപ്പ് നൽകുകയും വേണം.
രാജ്യത്തെ വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിന് കീഴിലുള്ള പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങളിലാണ് നിർദേശം.
ഉൽപന്നങ്ങൾ മായമോ സുരക്ഷിതമല്ലാത്തതോ കണ്ടെത്തിയാൽ വിൽപന കേന്ദ്രങ്ങളെയും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വിവരം അറിയിക്കേണ്ട ഉത്തരവാദിത്തവും വിതരണക്കാർക്കുണ്ട്. ഉൽപന്നങ്ങൾ പിൻവലിച്ചതിന്റെ തെളിവുകളും അധികൃതർക്ക് നൽകണം.

















