മലയോര ഹൈവേ നിർമാണ ജോലിക്കിടെ സ്‌കൂൾ കെട്ടിടം തകർന്നു. ചായ്പൻകുഴി ഗവ. യു.പി. സ്‌കൂളിനോട് ചേർന്ന് നടന്ന നിർമാണ ജോലിക്കിടെയാണ് കെട്ടിടം ഭാഗികമായി ഇടിഞ്ഞുവീണത്.
മലയോര ഹൈവെ നിർമാണത്തിനായി ഏറ്റെടുത്ത സ്‌കൂളിന്റെ വശത്ത് കോൺക്രീറ്റ് ഭിത്തി നിർമാണത്തിനായി ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് ഇടിഞ്ഞുവീണത്. അവധിദിവസമായതിനാൽ കുട്ടികൾ ഉൾപ്പടെ ആരും സ്‌കൂളിലില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. രണ്ട് ക്ലാസ് മുറികൾ പൂർണമായി തകർന്നു. ക്ലാസ് റൂമിന് മുകളിലെ പ്രധാന വാർക്കയും ചുമരും ഉൾപ്പടെയാണ് തകർന്നുവീണത്. കൂടാതെ അഞ്ചോളം ക്ലാസ് മുറികളും അപകടാവസ്ഥയിലാണ്.
ചുമരുകളിലും പ്രധാന വാർക്കയിലും വിള്ളലുണ്ട്. ഇടിഞ്ഞുവീഴുന്നതിനിടെ കെട്ടിടത്തിന്റെ ഭാഗങ്ങൾ വീണ് സ്‌കൂൾ ബസിന്റെ മുൻവശത്തും കേടുപാടുണ്ടായി.

















