പിഎം ശ്രീ പദ്ധതിയിൽ ഇതുവരെ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. തീരുമാനം കൈക്കൊള്ളുമ്പോൾ എല്ലാവരെയും ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് ലീഗ്, യുഡിഎഫ്, കെപിസിസി യോഗങ്ങളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും കത്തയച്ചതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയായത്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾ ഒഴികെയുള്ള സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) ഫണ്ടുകൾ ലഭിക്കണമെങ്കിൽ പദ്ധതിയുടെ ഭാഗമാകണമെന്ന് ഡൽഹിയിൽ എസ്.എസ്.കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വീണ്ടും കത്തയച്ചത്.

















