മദ്യലഹരിയിൽ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. യാമിനി എന്ന 38കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കൃഷ്ണലാല്‍ യാദവി(41)നെ പൊലീസ് അറസ്റ്റ് ചെയ്തു.ഭക്ഷണമുണ്ടാക്കാതെ ഡാന്‍സ് ക്ലാസിന് പോകണമെന്ന് ഭാര്യ പറഞ്ഞതും ഇതിനെചൊല്ലിയുണ്ടായ തര്‍ക്കവുമാണ് മർദ്ദനത്തിലേക്കും ഒടുവില്‍ കൊലപാതകത്തിലേക്കും നയിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ ലാല്‍ തനിക്കും കുട്ടികള്‍ക്കും ഭക്ഷണം ഉണ്ടാക്കാന്‍ യാമിനിയോട് ആവശ്യപ്പെട്ടു. എന്നാൽ ഹൗസിങ് സൊസൈറ്റിയിലെ ഡാന്‍സ് ക്ലാസില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയായിരുന്ന യാമിനി ഭക്ഷണം പാചകം ചെയ്യാന്‍ വിസമ്മതിച്ചു. ഇത് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണമായി. തര്‍ക്കത്തിനിടെ ഭര്‍ത്താവ് യാമിനിയുടെ വയറിലും കഴുത്തിലും അടക്കം മര്‍ദ്ദിച്ചു.
സംഭവത്തിന് പിന്നാലെ കഠിനമായ വേദന അനുഭവപ്പെടുന്നതായി യാമിനി കൃഷ്ണലാലിനോട് പറഞ്ഞു. തുടര്‍ന്ന് കൃഷ്ണലാൽ മരുന്ന് വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാല്‍ മരുന്ന് കിട്ടിയില്ല. പിന്നാലെ യാമിനിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതോടെ കൃഷ്ണലാൽ യാമിനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞാണ് കൃഷ്ണലാൽ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത് . എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിൽ മര്‍ദ്ദനമേറ്റതും ആന്തരികാവങ്ങള്‍ക്ക് ഗുരുതരമായി മർദ്ദനമേറ്റതുമാണ് മരണകാരണമെന്ന് വ്യക്തമായി. കൂടാതെ കഴുത്ത് ഞെരിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

















