ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ ഓഡി ഗ്രൂപ്പ് സ്ഥാപനമായിരുന്ന ഇറ്റാൽഡിസൈനിന്റെ ഭൂരിപക്ഷ ഓഹരി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കി മുൻനിര എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി . വാഹന വ്യവസായം കൂടുതൽ എഐ അധിഷ്ഠിതവും സോഫ്റ്റ്‌വെയർ അധിഷ്ഠിതവുമായി മാറുന്ന സാഹചര്യത്തിലാണ് ഈ ഏറ്റെടുക്കൽ. വാഹനങ്ങളുടെ ഡിസൈൻ, എൻജിനീയറിങ് രംഗത്ത് ഇറ്റാൽഡിസൈനിനുള്ള പരിചയസമ്പത്തും എഐ, ഓട്ടോമോട്ടീവ് എൻജിനീയറിങ്, സോഫ്റ്റ്‌വെയർ രംഗങ്ങളിൽ യുഎസ് ടിയ്ക്കുള്ള മികവും ഇനി ഒരുമിച്ച് പ്രവർത്തിക്കും.
പുതിയ തലമുറയിലെ വാഹനങ്ങളുടെ വികസനം കൂടുതൽ വേഗത്തിലാക്കാനും ആശയം മുതൽ ഉൽപ്പാദനം വരെയുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഈ പങ്കാളിത്തത്തിലൂടെ സാധ്യമാകും. വാഹനനിർമാതാക്കൾ നേരിടുന്ന പുതിയ സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കാനും ഇരു കമ്പനികളും ചേർന്ന് പ്രവർത്തിക്കും.
ഡിസൈൻ, എൻജിനീയറിങ്, സോഫ്റ്റ്‌വെയർ, നിർമ്മിത ബുദ്ധി (എ ഐ) എന്നിവയുടെ സംയോജനമാണ് ഭാവിയിലെ വാഹനമേഖലയെ മാറ്റിമറിക്കുകയെന്ന പൊതു കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ പങ്കാളിത്തം. അതേസമയം, പുതുമകൾ സൃഷ്ടിക്കുന്നതിൽ മനുഷ്യരുടെ സർഗാത്മകതയ്ക്ക് പ്രധാന സ്ഥാനം നൽകുമെന്നും ഈ ഓഹരി ഏറ്റെടുക്കൽ അടിവരയിടുന്നു .
കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി, ഡിസൈൻ രംഗത്തെ സർഗാത്മകതയും മികച്ച എൻജിനീയറിങ് മികവും സംയോജിപ്പിച്ച് ലോകത്തിലെ ശ്രദ്ധേയമായ നിരവധി വാഹനങ്ങളുടെ രൂപകൽപ്പനയിൽ ഇറ്റാൽഡിസൈൻ പങ്കുവഹിച്ചിട്ടുണ്ട്. എഐ, ഡിജിറ്റൽ എൻജിനീയറിങ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ യു എസ് ടിയുടെ വൈദഗ്ധ്യവും ഇറ്റാൽഡിസൈനിന്റെ അനുഭവസമ്പത്തും ഒന്നിക്കുന്നതോടെ, ഭാവിയിലെ വാഹനങ്ങൾക്ക് ആവശ്യമായ സ്മാർട്ട്, കണക്റ്റഡ് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വിജയകരമായി വിപണിയിലെത്തിക്കാനും കഴിയും.
“ഇറ്റാൽഡിസൈനിന്റെ സാങ്കേതിക മികവ് മാത്രമല്ല യു എസ് ടി നടത്തിയിരിക്കുന്ന നിക്ഷേപത്തിന് കാരണം. കമ്പനിയിലെ ജീവനക്കാരുടെ കഴിവും വർഷങ്ങളായുള്ള പാരമ്പര്യവും മികച്ച ആശയങ്ങളെ മികച്ച ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള ഇറ്റാൽഡിസൈനിന്റെ ശേഷിയുമാണ് ഈ ഏറ്റെടുക്കലിന്റെ പ്രധാന ചാലക ശക്തി. ഇറ്റാൽഡിസൈനിന്റെ ഡിസൈൻ, എൻജിനീയറിങ് മികവും യുഎസ് ടി യുടെ ഡിജിറ്റൽ എൻജിനീയറിങ്, എഐ, സാങ്കേതിക രംഗങ്ങളിലെ കഴിവുകളും സംയോജിപ്പിച്ച് ഭാവിയുടെ വാഹനമേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” യുഎസ് ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിജയ് പത്മനാഭൻ പറഞ്ഞു.
“ഡിസൈൻ, എൻജിനീയറിങ്, സോഫ്റ്റ്‌വെയർ, എഐ എന്നിവ സംയോജിപ്പിക്കാൻ കഴിയുന്ന പങ്കാളികളെയാണ് ഞങ്ങളുടെ ഉപഭോക്താക്കൾ ഇപ്പോൾ തേടുന്നത്. ഇറ്റാൽഡിസൈനുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ, ആശയം മുതൽ ഉൽപ്പന്നം വരെയുള്ള കാര്യങ്ങൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കാനാകും. അതേസമയം, ഉൽപ്പന്നങ്ങളുടെ മികച്ച ഡിസൈനും എൻജിനീയറിങ് നിലവാരവും നിലനിർത്തുകയും ചെയ്യും,” യുഎസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഗിൽറോയ് മാത്യു പറഞ്ഞു.
“ആഗോള വാഹനമേഖലയിൽ ഏകദേശം 60 വർഷത്തെ പരിചയമാണ് ഞങ്ങൾക്കുള്ളത്. ഈ അനുഭവവും വിശ്വാസ്യതയും പങ്കാളിത്തത്തിന് വലിയ നേട്ടമാണ്. ഏറ്റെടുക്കലിന് ശേഷവും ഇറ്റാൽഡിസൈൻ എന്ന പേരിൽ തന്നെ കമ്പനി പ്രവർത്തനം തുടരും. ഞങ്ങളുടെ മൂല്യങ്ങളും കഴിവുകളും നിലനിർത്തുന്നതിനൊപ്പം സുസ്ഥിരതയ്ക്കും കൂടുതൽ പ്രാധാന്യം നൽകും. യുഎസ് ടിയുടെ ആഗോള സാന്നിധ്യവും ഡിജിറ്റൽ എൻജിനീയറിങ്, എ ഐ രംഗത്തെ കഴിവുകളും ആഗോള ഉപഭോക്താക്കളുമായുള്ള ബന്ധവും ഞങ്ങൾക്ക് പ്രയോജനകരമാകും,” ഇറ്റാൽഡിസൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റോണിയോ കാസു പറഞ്ഞു.

















