കെ.പി.സി.സി പ്രസിഡന്റാകാനുള്ള ചരടുവലികള്‍ സജീവമാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊടിക്കുന്നില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എംപിയോ എംഎല്‍എയോ പിസിസി അധ്യക്ഷനാകാന്‍ പാടില്ലെന്ന് യാതൊരു നിയമവുമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിര്‍ണായക പ്രഖ്യാപനവും കൊടിക്കുന്നില്‍ സുരേഷ് നടത്തി. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് താന്‍ ഒരിക്കലും ഇനി മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാവേലിക്കര സീറ്റ് നഷ്ടപ്പെടാന്‍ പാടില്ലെന്നും വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ഥിയെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നുമുള്ള നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്ന് വീണ്ടും ജനവിധി തേടിയത്.
തുടര്‍ച്ചയായി മത്സരിക്കുന്നതിലൂടെ പുതിയ ആളുകള്‍ക്ക് അവസരം നിഷേധിക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന ചിന്താഗതി ശക്തമാണ്. അതുകൊണ്ടാണ് ഇനി മത്സരരംഗത്തേക്കില്ലെന്ന തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരട്ടപ്പദവി എന്നൊന്ന് കോണ്‍ഗ്രസിലോ മറ്റു പാര്‍ട്ടികളിലോ ഇല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അതേസമയം, കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എംപിമാരും എംഎല്‍എമാരും അടക്കമുള്ള പല നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ മുഴുവന്‍ സമയവും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്ന ഒരാള്‍ വരണമെന്നാണ് വി.ഡി സതീശന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും തങ്ങളുടെ മണ്ഡലങ്ങളിലെ കാര്യങ്ങളില്‍ നിരന്തരം ഇടപെടേണ്ടതുള്ളതിനാല്‍ കോണ്‍ഗ്രസിന് ഒരു പൂര്‍ണ സമയ അധ്യക്ഷന്‍ അനിവാര്യമാണെന്ന നിലപാടിലാണ് വി.ഡി സതീശന്‍. പോഷക സംഘടനകളുമായുള്ള ഏകോപനം നടത്താനും പാര്‍ട്ടിയെ ചലിപ്പിക്കാനും ഈ മാറ്റം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളും ഭരണനേട്ടങ്ങളും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വി.ഡി സതീശന്‍ വിശദീകരിച്ചു.

















