പോലീസ് സേനയുടെ ഊര്‍ജസ്വലതയും മികവും പ്രകടമാകുന്ന 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റികസ് & ഗെയിംസ് മീറ്റിന് തിരുവനന്തപുരത്ത് നാളെ തുടക്കമാകും. സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ മൂന്ന് ദിവസങ്ങളിലായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക. കായിക മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് പാളയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
‘YES TO SPORTS, NO TO DRUGS’ എന്ന സന്ദേശത്തെ മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യത്തെ പോലീസ് മീറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍, ആംഡ് പോലീസ് ബറ്റാലിയനുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ഗെയിംസ് ഇനങ്ങളില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ മലപ്പുറത്തും വോളിബോള്‍-പത്തനംതിട്ട, ബാസ്ക്കറ്റ് ബോള്‍- തൃശ്ശൂര്‍ സിറ്റി, ക്രിക്കറ്റ്- കൊച്ചി സിറ്റി, പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങള്‍ കോഴിക്കോട് സിറ്റി, കബഡി മത്സരങ്ങള്‍ കൊല്ലം സിറ്റിയിലും ബാഡ്മിന്‍റണ്‍ പാലക്കാടും ബോഡി ബില്‍ഡിംഗ് മത്സരങ്ങള്‍ ഇടുക്കിയിലും നീന്തല്‍ മത്സരങ്ങള്‍ കേരള പോലീസ് അക്കാദമയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. കേരള പോലീസിലെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പോലീസ് കായികമേളയില്‍ പങ്കെടുക്കും.
47ാംമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക്സ് & ഗെയിംസ് മീറ്റ് 2026 ഭാഗമായുള്ള ദീപശിഖയും വഹിച്ചുകൊണ്ടുള്ള മാരത്തോണ്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ച (05.09.2026) കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളില്‍ കൂടി സഞ്ചരിച്ച് നാളെ വൈകിട്ട് തിരുവനന്തപുരത്ത് പാളയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്ന ദീപശിഖ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഏറ്റുവാങ്ങും. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖറാണ് 47-ാംമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക് & ഗെയിംസ് മീറ്റ് മത്സരങ്ങളുടെ രക്ഷാധികാരി.
മത്സരത്തിന്‍റെ സംഘാടക ചുമതലയില്‍ ഡി.ജി.പി മനോജ് എബ്രാഹം (ചെയര്‍പേഴ്സന്‍), ബല്‍റാം കുമാര്‍ ഉപാധ്യായ, ദിനേന്ദ്ര കശ്യപ്, പി. വിജയന്‍, എസ്.അജീത ബീഗം (വൈസ് ചെയര്‍പേഴ്സന്‍സ്) ഹര്‍ഷിത അത്തലൂരി(ഓര്‍ഗനൈസിംഗ് സെക്രട്ടറി), എ.ഡി.ജി.പിമാര്‍, ഐ.ജിമാര്‍, ഡി.ഐ.ജിമാര്‍, എസ്.പിമാര്‍ എന്നിവരടങ്ങുന്ന 16 സമിതികളാണ് മത്സരത്തിന്‍റെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. സെപ്റ്റംബര്‍ 10, വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിശിഷ്ടാതിഥി ആകും. മത്സരങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്കുള്ള പുരസ്കാരവിതരണവും തുടര്‍ന്ന് കലാപരിപാടികളും ഉണ്ടാകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി എയര്‍പോര്‍ട്ട്സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, മലബാര്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, സോമതീരം ആയുര്‍വേദ റിസോര്‍ട്ട്സ്, ഭാരത് പെട്രോളിയം, കാനറാ ബാങ്ക്, ഹോട്ടല്‍ ലീലാ റാവിസ്, കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ബാങ്ക് ഓഫ് ബറോഡ, ആസ്റ്റര്‍ മിമ്സ് ഹോസ്പിറ്റല്‍ കണ്ണൂര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട്, കാസറഗോഡ് ജില്ലാ പോലീസ് സഹകരണ സംഘം, രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സ്, യൂണിയന്‍ ബാങ്ക്, സ്വിസ്റ്റോണ്‍ c/o അല്‍ഫസ് ലാമിനേഷന്‍, ലുലു മാള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കേരള പോലീസ് ഈ കായികമേള സംഘടിപ്പിക്കുന്നത്.

















