ഫിഫ ലോകകപ്പിനായി സൗദി അറേബ്യയിലെ റിയാദിൽ ഒരുങ്ങുന്ന കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഡിസ്‌പ്ലേ സ്‌ക്രീൻ സംവിധാനമാണ് ഈ അത്യാധുനിക സ്റ്റേഡിയത്തിന്റെ പ്രധാന സവിശേഷത. എഴുപതിനായിരത്തിലധികം കാണികളെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ വലിയ കായിക കേന്ദ്രം. റിയാദിലെ ദമ്മാം റോഡിൽ നഹ്ദക്ക് അടുത്താണ് കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം. നേരത്തെയുള്ള സ്റ്റേഡിയം പൊളിച്ചു നീക്കിയാണ് ഈ സ്പോട്സ് സിറ്റി സ്റ്റേഡിയം നിർമാണം പൂർത്തിയാകുന്നത്. ഒട്ടേറെ പ്രത്യേകതകളുണ്ട് സ്റ്റേഡിയത്തിന്. സ്റ്റേഡിയത്തിന്റെ വികസന പ്രവൃത്തികളിൽ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം അവിടെ സ്ഥാപിക്കുന്ന പെരിഫെറൽ സ്ക്രീൻ സ്ട്രക്ചറാണ്.
360 ഡിഗ്രി ആംഗിളിൽ സ്റ്റേഡിയത്തിന് ചുറ്റും സ്ഥാപിക്കുന്ന ഈ കൂറ്റൻ ഡിസ്‌പ്ലേ സംവിധാനം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയം സ്ക്രീനായി ഇത് മാറും. കാണികൾക്ക് കളിയുടെ എല്ലാ ആവേശവും ഒട്ടും ചോർന്നുപോകാതെ ഏത് കോണിൽ നിന്നും വ്യക്തമായി കാണാൻ ഇത് സഹായിക്കും. തീർന്നില്ല, എഴുപതിനായിരത്തിലധികം സീറ്റുകൾ, വേനൽക്കാലത്ത് പോലും തടസ്സമില്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കാൻ സഹായിക്കുന്ന അത്യാധുനിക കൂളിംഗ് സംവിധാനം, ലോകക്കപ്പ് ഫുട്ഹോളിന് പുറമെ ലോകോത്തര കായിമ മത്സരങ്ങൾക്ക് വേദിയാക്കാവുന്ന സ്പോട്സ് സിറ്റി. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ സ്പോർട്സ് ഹബ്ബുകളിലൊന്നായി ഈ സ്റ്റേഡിയം മാറും.

















