സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂതി വിമതർ വൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 73 സിവിലിയൻമാർക്ക് പരിക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു.
അബ്ഹ, ഖമീസ് മുശൈത്, ജിസാൻ, നജ്റാൻ നഗരങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. ഇന്നലെ അർധരാത്രി മുതൽ പുലർച്ച വരെയാണ് ആക്രമണം നീണ്ടുനിന്നത്. ആക്രമണത്തിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൗദി വ്യക്തമാക്കി.
സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള വ്യക്തമായ ലംഘനവും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയുമാണ് ഹൂതികളുടെ ആക്രമണമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.
ദേശീയ ആസ്തികൾക്കും പൗരന്മാർക്കും താമസക്കാർക്കും നേരെ ആക്രമണം നടത്താനുള്ള ഹൂതികളുടെ ശ്രമം ശത്രുതാപരവും നിരുത്തരവാദപരവുമായ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.
യെമനിൽ സഖ്യ സേന നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയാണ് സൗദിയിലെ ആക്രമണങ്ങളെന്ന് ഹൂതികളുടെ വക്താവ്. യെമനിലെ ജയിൽ സൗദി നേതൃത്വത്തിൽ ആക്രമിച്ചെന്നും ഹൂതികൾ കുറ്റപ്പെടുത്തി. ഏഴ് തടവുകാരും കൊല്ലപ്പെട്ടു. ഈ ആരോപണത്തിൽ സൗദി സഖ്യസേന പ്രതികരിച്ചിട്ടില്ല.

















