ഒരു മാധ്യമ പ്രവർത്തകന്റെ ആകസ്മീകമായ വേർപാടിനെ ഇത്രയും നീചമായി പരിഹസിക്കുന്നതിനെ എങ്ങനെയാണ് വിശേഷിപ്പിക്കുക. മാനവ സ്നേഹമാണ് മനുഷ്യബന്ധങ്ങളിലെപരമപ്രധാനമെന്ന് കാൾമാർക്സ് എഴുതിയത് ഓർമ്മിക്കുന്നു. കേരളത്തിലെ സൈബർ സഖാക്കൾ പൊതുവെ നീചമായ വാക്കുകൾ പ്രയോഗിക്കാറുണ്ട്. അവരിൽ നിന്ന് നല്ല വാക്കുകൾ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. പക്ഷേ ബുദ്ധീജീവി ചമയുന്നവരും പണ്ഡിതരും യാതൊരു ഉളുപ്പുമില്ലാതെ ശവത്തെക്കുത്തുകയാണ്. ജിജോ ജോൺ മികച്ച പത്രപ്രവർത്തകൻ തന്നെയാണ്.അതിൽ തർക്കം വേണ്ട. ജനാധിപത്യത്തിൽ വിയോജിക്കാൻ അവകാശമുണ്ട്. പക്ഷേ മരണശേഷം അദ്ദേഹത്തെ അക്രമിക്കുന്നത് ശരിയല്ല. സി.പി.ഐ.(എം) സഖാക്കളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ജിജോ ജോണിനെ തെറി വിളിക്കുന്നത്. ഇത് മലയാളികൾക്ക് അപമാനമാണ്. നേതൃത്വം അണികളെ തിരുത്താൻ തയ്യാറാവണം. വിയോജിപ്പ് ഇങ്ങനെ പ്രകടിപ്പിക്കുന്നത് മനുഷ്യത്വരഹിതമാണ്
മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടൻ്റ് ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു.ഇന്നലെ എന്നെ വല്ലാതെ വേദനിപ്പിച്ച ന്യൂസായിരുന്നു. വ്യക്തിപരമായ ചില വേദനകൾക്കിടയിലാണ് ജിജോ ചേട്ടന്റെ മരണവിവരം മാധ്യമ പ്രവർത്തകൻ
ബിനീഷ് തോമസ് വിളിച്ചറിയിക്കുന്നത്. അധികം വൈകാതെ ഓൺലൈനിൽ വാർത്ത വന്നു തുടങ്ങി. പ്രിയ സുഹൃത്തും , മനോരമ ലേഖകനുമായ എസ്.വി.രാജേഷ് എഫ് ബിയിൽ പങ്കു വച്ച കുറിപ്പ് ഞാനും ഷെയർ ചെയ്തു. പ്രിയപ്പെട്ടവരുടെ വേർപാടിൽ എപ്പോഴും ചെയ്യാൻ കഴിയുന്ന എക വഴി ഇത്തരം സമൂഹ മാധ്യമങ്ങളിലെ ഷെയറുകൾ മാത്രമാണ്. ജിജോചേട്ടനുമായി എനിക്ക് ആഴത്തിലുള്ള അടുപ്പം ഉണ്ടായിരുന്നില്ല. എന്നാൽ കൊച്ചിയിലെ പത്രപ്രവർത്തന കാലത്ത് ഒത്തിരി തവണ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കോർപ്പറേഷൻ കൗൺസിൽ ഹാളിലും, പ്രസ് ക്ലബ് ഹാളിലും നിരവധി തവണ പല ന്യൂസുകളെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്.
ചെറിയ പരുക്കൻ മുഖഭാവമാണെങ്കിലും പരിചയക്കാരോട് നന്നായി സംസാരിക്കുമായിരുന്നു. എത് സംശയത്തിനും സത്യസന്ധമായി മറുപടി തരുമായിരുന്നു. തലക്കനമില്ലാതെ സംസാരിക്കും. പൊതുവെ പത്രക്കാർ കാണിക്കുന്ന ജാഡ ഇല്ലാത്ത ഒരു മനുഷ്യൻ. അപരനോട് അനുകമ്പ പ്രകടിപ്പിച്ച പ്രിയ സുഹൃത്ത്. എനിക്ക് അങ്ങനെയായിരുന്നു ജിജോ ചേട്ടൻ ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ. ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തിട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോയാണ്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.കേരള പ്രസ് അക്കാദമിയിൽ നിന്നു ജേണലിസം പഠനം പൂർത്തിയാക്കിയ ജിജോ അതിനു പിന്നാലെ മനോരമയിൽ ചേരുകയായിരുന്നു. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്.

















