കേരളത്തിന്റെ തെരുവോരങ്ങളില്‍ എവിടെയോ ഒരു രക്തസാക്ഷിയെ പൗഡറിടീച്ച്, കൊടി പിടിപ്പിച്ച് മുന്നില്‍ നിര്‍ത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അതുണ്ടാകുമെന്നതില്‍ തര്‍ക്കം രണ്ടുവേണ്ട. നഷ്ടപ്പെട്ട അധികാരത്തിന്റെ സുഖം മറ്റാരും അനുഭവിക്കാന്‍ പാടില്ല എന്ന ചിന്തയാണ് രക്തസാക്ഷിയുടെ ചോരയില്‍ മുക്കി ഉണക്കിയെടുക്കാന്‍ പോകുന്നത്. ഇനിയൊരു മാറ്റം ഉണ്ടാക്കാന്‍ കേരളം ചുവക്കുക തന്നെ വേണം. അജന്റെയും അഭിമന്യൂവിന്റെയും വഴിയിലേക്ക് ഇടതുപക്ഷം. ചോര വീഴാതെ ഭരണം പടിക്കാനാവാത്ത വിധം തകര്‍ന്നു പോയിരിക്കുകയാണ് സി.പി.എം. എല്ലാ വര്‍ഗ ബഹുജന സംഘടനകളും തളര്‍ന്നിരിക്കുന്നു. അവര്‍ക്ക് ഉന്‍മേഷം കിട്ടണണെങ്കില്‍ ഒരു കുരുതി കേരളത്തിന്റെ നിരത്തില്‍ വീണേ മതിയാകൂ.
ഏതിരുട്ടിലാണ് ആ രക്തസാക്ഷി വീഴുക. ഏത് സമരത്തിന്റെ ഭാഗമായാണ് രക്തസാക്ഷിയെ സൃഷ്ടിക്കുക. അവനെ കണ്ടെത്തിയോ. ആരാണാ ഹതഭാഗ്യന്‍. എപ്പോഴാണ് അവന്റെ കുരുതി നടക്കുക. ഇതെല്ലാം അരിയുന്നവര്‍ എവിടെയോ ഇരുന്ന് കണക്കുകള്‍ കൂട്ടിക്കിഴിച്ച് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. സമയം എത്തുമ്പോള്‍ രക്തസാക്ഷിയാകാനുള്ളവന്റെ പൊക്കവും വണ്ണവും കനവും പേരും ഊരും വിലാസവും നോക്കി അടയാളപ്പെടുത്തി വിടും. അവനായിരിക്കും ഇനി വരുന്ന നാളുകളില്‍ കണ്ണീരോടെ ഓര്‍ക്കുന്നവന്‍. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ്‌കുമാറൊക്കെ രക്തസാക്ഷി സൃഷ്ടിക്കലിന്റെ ഉത്തേജനങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ നടക്കുന്ന തീക്കളിയെല്ലാം രക്തസാക്ഷിയാകാന്‍ കെല്‍പ്പുള്ളവന്‍ ആരാണെന്ന് അറിയാനുള്ള റിക്രൂട്ട്‌മെന്റ് പരേഡാണ്.
അതില്‍ മുന്നില്‍ നില്‍ക്കുന്നവനായിരിക്കില്ല, പിന്നില്‍ നില്‍ക്കുന്നവനുമായിരിക്കില്ല. അതിലെവിടെയോ നില്‍ക്കുന്ന അഷ്ടിക്കു വകയില്ലാത്ത വീട്ടില്‍ നിന്നും പഠിക്കാന്‍ വന്നവനായിരിക്കുമെന്നുറപ്പ്. അവനെ കണ്ടെത്തണം. അവനെ മാര്‍ക്ക് ചെയ്ത് കൊണ്ടു നടക്കണം. അവനെ സമയമാകുമ്പോള്‍ ഇട്ടുകൊടുക്കാനുള്ള മനസ്സും കാണിക്കണം. ഇതാണ് സംഭവിക്കാന്‍ പോകുന്നത്. അല്ലെങ്കില്‍, കേന്ദ്രത്തില്‍ ഒരുമിച്ചിരിക്കുന്ന രണ്ടു കൂട്ടര്‍ സംസ്ഥാനത്ത് എങ്ങനെയാണ് തമ്മില്‍ത്തല്ലുന്നത്. കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മിഷനുമെതിരേ കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ നടത്തിയ മാര്‍ച്ചിനു എന്തിനാണ് കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ തല്ലുന്നത്.
വയലാറിലെ വാരിക്കുന്തവും വയനാട്ടിലെ അമ്പും വില്ലും ഉപയോഗിച്ചത് സര്‍ സി.പിയുടെ പോലീസിനെതിരേയാണ്. ബ്രിട്ടീഷ് പട്ടാളത്തെ നേരിടാനാണ്. തൊഴിലാളികളുടെ ജീവിതവും ജീവനും തിരിച്ചു പിടിക്കാന്‍ വേണ്ടിയാണ്. കര്‍ഷകരുടെ വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ വേണ്ടിയാണ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തെ മനുഷ്യരായി കാണാന്‍ വേണ്ടിയാണ്. പക്ഷെ, ഇതൊന്നുമല്ല, ഇന്ന് ഇടതുപക്ഷത്തിന്റെ സമരങ്ങള്‍ക്ക് തീക്ഷണ വരുത്തുന്നത്. എതിര്‍ പാര്‍ട്ടിയോടുള്ള വൈരാഗ്യവും, അധികാരം അമ്പേ പരാജയപ്പെട്ടതോടെ നഷ്ടപ്പെട്ടതും സമാരാധ്യരായ നേതാക്കളെല്ലാം പല ആരോപണങ്ങലുടെ പേരിലും ഉഴലുന്നതുമാണ്.
പണ്ടത്തെ ന്യായമായ സമരങ്ങള്‍ക്ക് ഇന്ന് അന്യായ ആഭാസച്ചുവയുള്ള സമരങ്ങള്‍ കൊണ്ട് കേരളത്തെ നശിപ്പിക്കുകയാണ്. പ്രാകൃത രീതിയില്‍ കമ്പും കല്ലും മരവുമെല്ലാം കൊണ്ടുള്ള ആക്രമണത്തിന് മുതിരുന്നവര്‍ ആലോചിക്കേണ്ട കാര്യമാണിത്. നോക്കൂ, കഴിഞ്ഞ പത്തു വര്‍ഷം പോലീസ് ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നു മാസമായിട്ട് പോലീസ് ശത്രുപക്ഷത്തായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ പോലും സമരക്കാതെ ആക്രമിച്ചത് കണ്ട കേരളമാണിത്. അതേ മുഖ്യമന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് ഇപ്പോള്‍ തല്ലുകിട്ടിയവരെ കാണാന്‍ ഓടി നടക്കുന്നു. തല്ലിയത് മൃഗീയമായിപ്പോയെന്ന് പരിഭവം പറയുന്നു.
രക്ഷാ പ്രവര്‍ത്തനം എന്ന മട്ടില്‍ പോലീസിന്റെ മര്‍ദ്ദനത്തെ ന്യായീകരിച്ച ആളായിരുന്നു പ്രതിപക്ഷ നേതാവ്. പോലീസിന്റെ എല്ലാ നടപടികളെയും അധികാരത്തിലിരുന്ന് ന്യായീകരിച്ചവര്‍, ഒരു സമരം പോലും തെരുവില്‍ സംഘര്‍ഷമാക്കാതെ പത്തു വര്‍ഷം നിശബ്ദമായിരുന്നവര്‍ ഇന്ന് സസഭ്ദജമുഖരിതമാക്കുകയാണ്. ഉണര്‍ന്നെണീറ്റപ്പോള്‍ അടികിട്ടിയവരെപ്പോലെ ആര്‍ത്തു വിളിക്കുകയാണ്. പക്ഷെ, ഈ വിളികള്‍ക്കൊന്നും കഴിഞ്ഞ പത്തുവര്‍ഷത്തെ ഉറക്കച്ചടവുകളെ ഇല്ലാതാക്കാനാവില്ലെന്ന് അവര്‍ക്കറിയാം. അതിന് കുരുതി തന്നെ വേണം. അതെപ്പോഴെന്നു മാത്രമാണ് ഇനി അറിയേണ്ടത്. ആരാണെന്നും. ആരായാലും ഓര്‍ക്കുക, അഭിമന്യുവിനെ. ഓര്‍ക്കുക കൂത്തുപറമ്പിനെ. അത്രമാത്രം.















