സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനുനേരെ ഡ്രോണ്‍ ആക്രമണം. കിഴക്കു–പടിഞ്ഞാറന്‍ പൈപ്പ്ലൈനാണ് ഇറാഖില്‍ നിന്നുള്ള ഡ്രോണുകളാല്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് പൈപ്പ്‌ലൈന്‍ താല്‍ക്കാലികമായി അടച്ചിട്ടു.
റിയാദ്, മദിന മേഖലകളിലെ പൈപ്പ്‌ലൈനുകള്‍ക്ക് വലിയ തകരാറുണ്ടായി. ഇറാന്‍ പിന്തുണയുള്ള സായുധസേന ഇറാഖില്‍ നിന്ന് ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. പൈപ്പ് ലൈന്‍ അടച്ചിട്ടത് ആഗോള എണ്ണവിതരണത്തെ ബാധിക്കും. ആക്രമണത്തെ അപലപിച്ച ഇറാഖ് ഇറാനുമായുള്ള ഷലാംചെ അതിര്‍ത്തി അടച്ചു.
വ്യാഴാഴ്ച രാവിലെ റിയാദ്, മദീന മേഖലകളിലാണ് പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. ഇത് വൻ തീപിടുത്തത്തിനും നാശനഷ്ടങ്ങൾക്കും കാരണമായതായി സൗദി സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതി ഒഴിവാക്കാൻ സൗദി ആശ്രയിച്ചിരുന്നത് ഈ പൈപ്പ്‌ലൈനെയാണ്. പ്രതിദിനം 7 ദശലക്ഷം ബാരൽ ശേഷിയുള്ള ഈ പൈപ്പ്‌ലൈൻ സൗദി അറേബ്യയ്ക്ക് കുറുകെ ചെങ്കടലിലെ കയറ്റുമതി ടെർമിനലുകളിലേക്കാണ് എത്തുന്നത്.
ആക്രമണത്തെ തുടർന്ന് പൈപ്പ്‌ലൈൻ സുരക്ഷിതമാക്കാനും നാശനഷ്ടങ്ങൾ വിലയിരുത്താനും അടിയന്തര സേനയെ വിന്യോഗിച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.
അതേസമയം, തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ നിന്ന് ആക്രമണങ്ങൾ തടയാൻ ഇറാഖ് സർക്കാരിന് സമയം നൽകുന്നതിന്റെ ഭാഗമായി സൗദി തൽക്കാലം തിരിച്ചടികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

















