പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യുദ്ധത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാതെ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും, രാജ്യങ്ങളുടെ പരമാധികാരവും ഭൗമ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും ഉച്ചകോടി വ്യക്തമാക്കി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സൈനികേതര ആണവ നിലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഉച്ചകോടി അപലപിച്ചു. ഗാസയിൽ അടിയന്തരമായി മാനുഷിക സഹായം ഉറപ്പാക്കണമെന്നും പലസ്തീൻ വിഷയത്തിന് ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ശാശ്വത പോംവഴിയെന്നും ആവർത്തിച്ചു.
അതോടൊപ്പം, ഭീകരവാദവും മതമൗലികവാദവും പൂർണമായി നിർജ്ജനം ചെയ്യപ്പെടേണ്ടതുണ്ടെന്നും ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇരട്ടത്താപ്പ് നയം അംഗീകരിക്കാനാവില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. സാമ്പത്തിക മേഖലയിൽ, ബ്രിക്സ് പേയ്മെന്റ് ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച അംഗരാജ്യങ്ങൾ, അന്താരാഷ്ട്ര തലത്തിൽ സുഗമവും ചെലവ് കുറഞ്ഞതുമായ ക്രോസ്-ബോർഡർ പേയ്മെന്റ് സംവിധാനം യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെ 4 മണി വരെ നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിലാണ് സംയുക്ത പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. സൗദി അറേബ്യയും ഇറാനും യുഎഇയും തമ്മിൽ നിലനിന്ന ഭിന്നതകൾ മറികടന്നാണ് പ്രഖ്യാപനം പാസാക്കാനായത്. നയതന്ത്രത്തിലൂടെയും ചർച്ചയിലൂടെയും സംഘർഷം അവസാനിപ്പിക്കണം എന്ന പ്രഖ്യാപനം ഇറാനും സൗദിയും യുഎഇയും ചേരുന്ന ബ്രിക്സ് അംഗീകരിച്ചത് നേട്ടമായി. പലസ്തീൻ വിഷയത്തിൽ ഇസ്രായേലിനെ പരോക്ഷമായി വിമർശിക്കുന്നതാണ് ബ്രിക്സ് അംഗീകരിച്ച പ്രമേയം. ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കണമെന്നും ജറുസലേമിന്റെ ഘടന മാറ്റാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പ്രധാന സെഷനിൽ അധ്യക്ഷത വഹിച്ച നരേന്ദ്രമോദി ഐക്യരാഷ്ട്രസഭ അടക്കമുള്ള ആഗോള സ്ഥാപനങ്ങൾ പൊളിച്ചെഴുതണം എന്ന നിർദ്ദേശമാണ് മുന്നോട്ടുവെച്ചത്. ചില രാജ്യങ്ങൾ മാത്രം അധികാരം പിടിച്ചു വെച്ചിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ആഗോള സാമ്പത്തിക വളർച്ചയ്ക്ക് സഹായം നൽകുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സ്ഥാപനങ്ങളിൽ വോട്ടവകാശം ഉൾപ്പെടെ ഉറപ്പാക്കണമെന്നും മോദി നിർദ്ദേശിച്ചു.

















