India

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

ദിഷയുടെ മരണത്തില്‍ കേസെടുക്കണമെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയതി ബോംബെ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു

സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ശിവസേന നേതാവും എംഎല്‍എയുമായ ആദിത്യ താക്കറെ, റോഹന്‍ റോയ്, നടന്മാരായ ദിനോ മോറിയ, സൂരജ് പഞ്ചോളി, ആദിത്യ പഞ്ചോളിയുടെ ബോഡിഗാര്‍ഡുകള്‍, റിയ ചക്രവര്‍ത്തി, ഷോയ്ക്ക് ചക്രവര്‍ത്തി, മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ, മുന്‍ മുബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ്, ഡിസിപി വിശാല്‍ താക്കൂര്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. സംസ്ഥാന മുന്‍ ആഭ്യന്തര മന്ത്രി അനിഷ് ദേശ്മുഖ്, പൊലീസ് ഉദ്യോഗസ്ഥര്‍, ഫോറസിക് ഉദ്യോഗസ്ഥരുടെ പേരുകളും എഫ്‌ഐആറിലുണ്ട്.

കൊലപാതകം, കൂട്ടബലാത്സംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കും പ്രധാന പങ്കുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുകയും പൊലീസിനെ ദുരുപയോഗം ചെയ്ത് കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥരയെും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സിബിഐ ആവശ്യപ്പെട്ടു.

ദിഷയുടെ മരണത്തില്‍ കേസെടുക്കണമെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയതി ബോംബെ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഉത്തരവ് വന്ന് പന്ത്രണ്ടാം ദിവസമാണ് ദിഷയുടെ മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ദിഷയുടെ പിതാവിന് സതീഷ് സാലിയന്‍ സിബിഐക്ക് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. മകളുടെ മരണത്തില്‍ ഉദ്ദവ് താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുള്ളതായി സതീഷ് സാലിയന്‍ പറഞ്ഞിരുന്നു. 2020 ജൂണ്‍ എട്ടിനായിരുന്നു ദിഷ സാലിയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുംബൈ മലാനിലെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് വീണ് മരിച്ചെന്നായിരുന്നു പൊലീസിന്റെ നിഗമനം. ദിശയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സുശാന്തിനെ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ദിഷയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലായിരുന്നു ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.