പണമാണ് മനുഷ്യന് ജീവിക്കാന്‍ വേണ്ടതെന്ന് കരുതുന്നവരാണ് ഭൂരിഭാഗംപേരും. വായു ജലം ആഹാരം എന്നീ അവശ്യ ഘടകങ്ങള്‍ പണമുണ്ടെങ്കില്‍ കിട്ടുമെന്നാണ് വെയ്പ്പ്. അതുകൊണ്ടുതന്നെ പണത്തിന് ആര്‍ത്തിയുമുണ്ട്. സമൂഹത്തില്‍ പലതരക്കാര്‍ ജീവിക്കുന്നുണ്ടെങ്കിലും അഷ്ടിക്കു വകയില്ലാതെ കിടക്കാനൊരിടമില്ലാതെ, നല്ല വസ്ത്രമില്ലാതെ ജീവിക്കുന്ന അനേകായിരമുണ്ട്. ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരമായ മുംബൈയില്‍ ഇത് കൂടുതലാണ്. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി യാചിക്കുന്നവര്‍, ശരീരം വില്‍ക്കുന്നവര്‍, റിക്ഷ വലിക്കുന്നവര്‍ അങ്ങനെ സമസ്ത മേഖലയിലും കാണാം ജീവിക്കാനും ജീവനും വേണ്ടി കഷ്ടപ്പെടുന്നവര്‍. അവരുടെ ജീവിതം പഠിക്കാനിറങ്ങിയ, കണ്ടു മനസ്സിലാക്കാന്‍ ഇറങ്ങിയ ാെരു കോടീശ്വരനായ ജനപ്രതിനിധിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ആഢംബര ജീവിതം നയിക്കുന്നവരും, സാമാന്യം ബേദപ്പെട്ട ജീവിതം നയിക്കുന്നവരും, കിടപ്പാടവും, സമ്പത്തും ഭക്ഷണമൊന്നും കിട്ടാതെ ജീവിക്കുന്നവരും മുംബൈയില്‍ ഉണ്ട്. അത് ഏത് രാഷ്ട്രീയക്കാര്‍ വന്നാലും മാറില്ല. എന്നാല്‍, ഉള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കേണ്ടതില്ല. ഇല്ലാത്തവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ആരാണ് തയ്യാറാവുക. അങ്ങനെ, അലഞ്ഞുതിരിയുന്ന, ഭിക്ഷയാചിക്കുന്ന ഒരാളുടെ ജീവിതം എന്താണെന്ന് അറിയണമെങ്കില്‍, അതേ അവസ്ഥയില്‍ തെരുവില്‍ യാചിച്ചാലേ മസ്സിലാകൂ. യാചകരുടെ ജീവിതം അടുത്തറിയാനും, മനസ്സിലാക്കാനും തയ്യാറായി മുംബൈ നഗരത്തില്‍ വേഷം മാറി ഭിക്ഷയെടുത്തു ഒരു ദിവസം ജീവിച്ച എം.എല്‍.എ പരാഗ്ഷാ മനുഷ്യത്വമുള്ള ജനപ്രതിനിധിയാണ്.
3,000 കോടിയിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി. മുംബൈയിലെ ഏറ്റവും സമ്പന്നനായ ജനപ്രതിനിധികളില്‍ ഒരാള്‍. അദ്ദേഹമാണ് യാചകന്റെ വേഷം കെട്ടി മണിക്കൂറുകളോളം തെരുവില്‍ അലഞ്ഞുനടന്നത്. മഹാരാഷ്ട്രയിലെ ഘാട്‌കോപ്പര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ പരാഗ് ഷാ തിങ്കളാഴ്ച ഘാട്‌കോപ്പറിലെ തെരുവുകളില്‍ ഭിക്ഷാടകനായി വേഷം മാറി നടന്ന് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. മണിക്കൂറുകളോളം തെരുവിലൂടെ നടന്നിട്ടും നാട്ടുകാര്‍ ആരും തന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. റോഡുകളിലൂടെ നടന്ന് ആളുകളോട് ഭക്ഷണത്തിനും പണത്തിനുമായി യാചിക്കുന്ന ജനപ്രതിനിധിയുടെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
എന്തിനായിരുന്നു അദ്ദേഹം ഇങ്ങനെ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ താരമാകാനാണോ?. അതോ യാചകരുടെ ജീവിതം പഠിക്കാനാണോ ?. ഇങ്ങനെ ചെയ്തതു കൊണ്ട് അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരു വിഹിതം യാചകര്‍ക്കായി കൊടുക്കുമോ ?. ഇങ്ങനെ തുടങ്ങി നിരവധി സംശയങ്ങളാണ് മറ്റു ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കുമുള്ളത്. എന്നാല്‍, സത്യം അതല്ല.
- ഇതാണ് അതിന് കാരണം ?
‘ ഒരു ദിവസം യാചകനെപ്പോലെ ജീവിക്കാനും മുംബൈയില്‍ താമസിക്കുന്ന ഒരു ദരിദ്രന്റെ ദൈനംദിന ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനും ജൈന ഗുരുവായ നമ്ര മുനി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഷാ ഭിക്ഷാടകനായത്. കോടീശ്വരനായ പരാഗ് ഷാ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കാറുകളും വിലകൂടിയ വസ്ത്രങ്ങളും ഉപേക്ഷിച്ച് യാചകന്റെ വേഷം ധരിച്ചു, ഘാട്കോപ്പറിന്റെ തെരുവുകളില്‍ മണിക്കൂറുകളോളം അദ്ദേഹം യാചകനായി അലഞ്ഞു. ആരോ ഇട്ടുകൊടുത്ത ചില്ലറത്തുട്ടുകള്‍ കൊണ്ട് ഭക്ഷണം കഴിച്ചു. ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികില്‍ ഇരുന്നു.’
പിന്നീട് ഭിക്ഷക്കാരനായി വേഷമിട്ടതിന് ശേഷമുള്ള അനുഭവം അദ്ദേഹം തന്റെ ആത്മീയ ഗുരുവിനോടും ജനങ്ങളോടും പങ്കുവയ്ക്കുകയും ചെയ്തു.
‘ഇത് എന്റെ ഗുരുവിന്റെ കല്പനയായിരുന്നു. അതുകൊണ്ടാണ് ഒരു ദിവസത്തേക്ക് ഭിക്ഷാടകന്റെ വേഷത്തില്‍ ഞാന്‍ ഘാട്‌കോപ്പറില്‍ അലഞ്ഞു തിരിഞ്ഞത്. ഗുരു പറഞ്ഞത് എന്താണെങ്കിലും അത് എന്റെ നന്മയ്ക്കായിരിക്കും,’ അദ്ദേഹം പറഞ്ഞു. പണവും പ്രശസ്തിയും അധികാരവും ഏതൊരാളിലും അഹങ്കാരം വളര്‍ത്തുമെന്നും, ഈ അഹങ്കാരത്തെ ഇല്ലാതാക്കാനും തന്നെ എപ്പോഴും വിനയാന്വിതനാക്കി നിര്‍ത്താനും ഈ അനുഭവം സഹായിച്ചുവെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. ഭിക്ഷാടകന്റെ വേഷത്തില്‍ എന്റെ സ്വന്തം ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് ചെന്നപ്പോള്‍, എന്റെ സ്വന്തം വാച്ച്മാന്‍ തന്നെ എന്നെ പുറത്തേക്ക് തള്ളിമാറ്റി,’ അദ്ദേഹം വെളിപ്പെടുത്തി. ‘ആളുകളെ ഇടയ്ക്കിടെ സഹായിക്കുകയും എനിക്ക് എപ്പോഴും എന്തെങ്കിലും നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തുണ്ട്. എന്നാല്‍ ഭിക്ഷാടകന്റെ വേഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് മുന്നില്‍ ചെന്നപ്പോള്‍, എന്നെ ആട്ടിപ്പായിക്കുകയാണ് ഉണ്ടായത്. മനുഷ്യരെയല്ല, മറിച്ച് ആളുകള്‍ പണത്തെയും പദവിയെയും അധികാരത്തെയുമാണ് വിലമതിക്കുന്നത് എന്ന കടുത്ത യാഥാര്‍ത്ഥ്യമാണ് ഈ സംഭവങ്ങള്‍ തന്നെ പഠിപ്പിച്ചതെന്ന് ഷാ പറഞ്ഞു. എങ്കിലും മുംബൈയില്‍ മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല. ചില ചെറുപ്പക്കാര്‍ക്ക് എന്നോട് സഹതാപം തോന്നുകയും എനിക്ക് 20 രൂപ നല്‍കുകയും ചെയ്തു.’
മേക്കപ്പ് നീക്കം ചെയ്ത ശേഷം ഭിക്ഷയ്ക്കിരുന്ന അതേ സ്ഥലങ്ങളില്‍ അദ്ദേഹം വീണ്ടും പോവുകയും മുമ്പ് കണ്ടുമുട്ടിയ ആളുകളെ കണ്ടുമുട്ടുകയും ചെയ്തു. വിശപ്പടക്കാനായി മറ്റുള്ളവരെ ആശ്രയിക്കുന്ന ആളുകളുടെ ജീവിതവും ബുദ്ധിമുട്ടുകളും നിരീക്ഷിക്കാന്‍ ആ അനുഭവം അദ്ദേഹത്തിന് അവസരം നല്‍കി. മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഷാ. 2024 ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തനിക്ക് 3,383 കോടിയിലധികം ആസ്തികള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര നിയമസഭയില്‍ എത്തുന്നതിനു മുമ്പ്, ഷാ ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോര്‍പ്പറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
















