രാത്രി വൈകിയുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് ഭര്‍തൃ പിതാവും ബിസിനസ്സുകാരനുമായ വിനീത് മനോച്ച ചോദ്യം ചെയ്തതിന്റെ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചു. എന്നാല്‍, കൊലപാതകത്തില്‍ മരുമകള്‍ക്കു മാത്രമല്ല, മകനും പങ്കുണ്ടെന്ന സൂചന ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. അപ്പോള്‍ കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം മരുമകളുടെ നൈറ്റ്ക്ലബ്ബ് പാര്‍ട്ടികളാണോ എന്നതും സംശയത്തിന്റെ നിഴലിലാണ്. ഉത്തര്‍ പ്രദേശിലെ കാണ്‍പുരിലാണ് കഴിഞ്ഞ ആഴ്ചയില്‍ നടുക്കുന്ന കൊലപാതകം നടന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായിയായ വിനീത് മനോച്ച (63) കൊലചെയ്യപ്പെടുമ്പോള്‍ മരുമകള്‍ ഷാലുവും മകന്‍ സുബ്രതും ചെരുമകള്‍ക്കൊപ്പം പുറത്തു പോയിരുന്നുവെന്നാണ് മൊഴി.
വിനീതിനെ കൊലപ്പെടുത്തിയത് തന്റെ വീട്ടിലെ മുന്‍ ജോലിക്കാരന്‍ വിശാലും സംഘവുമാണ്. എന്നാല്‍, വിനീതിനെ കൊലചെയ്യാന്‍ ഷാലു ആറ്‌ലക്ഷം രൂപ തരാമെന്നു പറഞ്ഞെന്നും, അതില്‍ രണ്ടുലക്ഷംരൂപ മുന്‍കൂറായി നല്‍കിയെന്നും വിശാല്‍ പോലീസിനോടു പറഞ്ഞു. സെപ്റ്റംബര്‍ 5ന് നടന്ന കൊലപാതകത്തില്‍ വിനീതിന്റെ മരുമകള്‍ ഷാലുവിനെയും കൊല നടത്തിയ സഹായികളായ വിശാല്‍ ഗൗതം, രാജ് കിഷോര്‍ എന്നിവരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഷാലു ആവശ്യപ്പെട്ടിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാലുവിന്റെ ഭര്‍ത്താവും വിനീതിന്റെ മകനുമായ സുബ്രതിനും കൊലപാതകത്തെ കുറിച്ച് അറിവുണ്ടെന്ന് പൊലീസിന് മനസ്സിലാക്കാന്‍ സധിച്ചത്.
വിനീത് മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് പ്രതിയായ വിശാല്‍ പുതിയ സിം കാര്‍ഡ് വാങ്ങിയിരുന്നെന്നും ഇതിലൂടെയാണ് ഷാലുവിനോട് സംസാരിച്ചിരുന്നതെന്ന് പോലീസ കണ്ടെത്തി. ഷാലുവിന്റെയും വിശാലിന്റെ കൊലപാതക ആസൂത്രണത്തില്‍ സുബ്രതിന് പങ്കില്ലെന്ന ധാരണയിലായിരുന്നു പോലീസ്. എന്നാല്‍ ഇതേ നമ്പറില്‍നിന്ന് ആറു തവണ സുബ്രതിന്റെ നമ്പറിലേക്കും വിശാല്‍ വിളിച്ചിട്ടുണ്ട്. ഷാലുവാണ് കൊലപാതകം ആസൂത്രണം ചെയ്തതെങ്കില്‍ എന്തിനാണ് സുബ്രതിന്റെ നമ്പറിലേക്ക് കൊലയാളി വിളിച്ചതെന്ന ചോദ്യമാണ് പോലീസിന് തലവേദനയാകുന്നത്. മേയ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള സമയം പുതിയ സിം ഉപയോഗിച്ചുള്‍പ്പെടെ 309 തവണ വിശാലും സുബ്രതും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല, കൊലപാതക സമയത്ത് ഷാലുവും സുബ്രതും മകള്‍ക്കൊപ്പം പുറത്തുപോയിരുന്നു എന്നതാണ് ഏറെ സംശയം ഉണ്ടാക്കിയത്. വിനീതിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ അത് നടപ്പാകാതെ വന്നതോടെയാണ് കുത്തി കൊന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. അങ്ങനെയാണ് വിനീതിന് 26 കുത്തില്‍ കൊന്നത്. സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ സുബ്രതും ഷാലു അറിയാതെ വിശാലുമായി സംസാരിച്ചിട്ടുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. പിതാവിനെ കൊല്ലാന്‍ സുബ്രതും വിശാലും പ്ലാന്‍ ചെയ്യുമ്പോഴായിരിക്കണം ഷാലുവും ഇതേ ആവശ്യവുമായി വിശാലിന്റെ അടുത്തെത്തുന്നത്. ഇത് വിശാലും സുബ്രതും സംസാരിച്ചിട്ടുണ്ടാകണം. ഇതോടെ സുബ്രതിന്റെ റോള്‍ മറച്ചുവെച്ച്, ഷാലുവിന്റെ പേരിലേക്ക് കൊലപാതകം വിശാല്‍ വെയ്ക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിര്‍മിച്ച് ഷാലു വിശാലിന് കൈമാറിയത്. ഇതുപയോഗിച്ചാണ് വിശാലും രാജ് കിഷോറും വീട്ടിനുള്ളില്‍ കയറിയത്. ഇതുവരെയെല്ലാം ഷാലുവിന്റെ പ്ലാനും, വിശാലിന്റെ പ്രവര്‍ത്തനവുമെന്ന രീതിയിലാണ് മനസ്സിലാക്കുക. സുബ്രതിന്റെ റോള്‍ ഒരിടത്തും സംശയിക്കുകപോലും ചെയ്യുന്നില്ല. എന്നാല്‍, വിശാലിന്റെയും സുബ്രതിന്റെയും ഫോണ്‍കോള്‍ പരിശോധനയിലാണ് വിനീതിന്റെ കൊലപാതകത്തില്‍ മറ്റൊരാള്‍ക്കു കൂടി പങ്കുണ്ടെന്ന് തിരിച്ചറിയുന്നത്. യഥാര്‍ഥത്തില്‍ വിനീതിന്റെ കൊലപാതകം സുബ്രതിന്റെയും വിശാലിന്റെ പ്ലാനിംഗിലായിരുന്നു നടന്നത്. പക്ഷെ, ഷാലു വന്നുപെടുകായിരുന്നു.
ഇതാണ് സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. എന്നാല്‍, പൂര്‍ണ്ണമായും ഇതായിരിക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയെങ്കില്‍ സുബ്രതിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. എന്തിനാണ് കൊലപാതകം പ്ലാന്‍ ചെയ്തതെന്ന് സുബ്രത പറയേണ്ടതുണ്ടെന്നാണ് പോലീസിന്റെ ഭാഷ്യം.