പത്ത് രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നും, എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് ഉയർന്ന വില നൽകി വൈദ്യുതി വാങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് തീരുന്നതല്ലെന്നും, ഇതിനോട് പൊരുത്തപ്പെടാൻ ജനങ്ങൾ സന്നദ്ധരായെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെക്രട്ടറിയേറ്റിൽ പോലും വൈദ്യുതി നിയന്ത്രണം ഉണ്ടായെന്നും തന്റെ ഓഫീസിൽ രണ്ട് തവണ കറണ്ട് പോയെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പദ്ധതികൾ ഒന്നും തന്നെ ഇല്ലെന്നും ഉള്ളവയിൽ പലതും പകുതി വഴിയിൽ മുടങ്ങി കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു. മണിയാർ കെഎസ്ഇബിക്ക് ഏറ്റെടുക്കാൻ സാധിച്ചിട്ടില്ലെന്നും, അത് പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാത്രികാലങ്ങളിൽ സോളാർ ഊർജ്ജം സംഭരിക്കാൻ പദ്ധതികൾ വേണമെന്നും, ഹ്രസ്വകാല-ദീർഘകാല വൈദ്യുത കരാറുകൾക്കായി പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി വകുപ്പ് ഏറ്റെടുത്തതിൽ പ്രയാസങ്ങളുണ്ടെങ്കിലും അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ട് പോകുകയാണെന്നും, ഈ വകുപ്പ് മുൾക്കിരീടമല്ലെന്നും മന്ത്രി പറഞ്ഞു.
അനാവശ്യമായി രാത്രിയിൽ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും, വ്യാപാരികൾ ഉൾപ്പെടെ എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തിൽ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
















