ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികളെ ക്ലാസുകളിൽ പങ്കെടുപ്പിക്കുന്നതിൽ നിന്നോ പരീക്ഷ എഴുതിക്കുന്നതിൽ നിന്നോ വിലക്കാൻ പാടില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം.
ഫീസ് അടച്ചില്ലെന്ന കാരണത്താൽ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കാനോ പരീക്ഷാഫലം തടഞ്ഞുവെക്കാനോ പാടില്ലെന്നും സ്വകാര്യ സ്കൂളുകൾ ഈ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
കുടിശ്ശികയുണ്ടെങ്കിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷാഫലങ്ങൾ അറിയാനുള്ള അവകാശമുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
അറബിക് സ്വകാര്യ സ്കൂളുകളുടെയും പാകിസ്ഥാൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെയും ഫീസ് പിരിവ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. രക്ഷിതാക്കളിൽ നിന്ന് മൂന്ന് തുല്യ ഗഡുക്കളായാണ് ഫീസ് ഈടാക്കേണ്ടത്.
നിശ്ചിത പരിധിക്കപ്പുറം ഫീസ് വർധിപ്പിക്കാനോ ഗഡുക്കളുടെ തീയതികളോ തുകയോ മാറ്റാനോ പാടില്ല. അംഗീകൃത ഫീസിന് പുറമെ മറ്റ് പേരുകളിൽ അധിക തുക ഈടാക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
ഫീസ് പട്ടിക സ്കൂളിന്റെ പ്രധാന സ്ഥലത്തോ ഔദ്യോഗിക വെബ്‌സൈറ്റിലോ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
















