രാജ്യത്ത് സുരക്ഷാ, ട്രാഫിക് പരിശോധനകൾ കടുപ്പിച്ച് കുവൈത്ത് അധികൃതർ. ഫഹഹീൽ വ്യാവസായിക മേഖലയിലും ഹവല്ലിയിലും നടത്തിയ സംയുക്ത പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും 297 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രണ്ട് ഘട്ടങ്ങളിലായി നടന്ന പരിശോധനകളിൽ 1,074 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കൂടാതെ 180 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 16 സ്ഥാപനങ്ങൾ ഫയർഫോഴ്സ് അടച്ചുപൂട്ടുകയും രണ്ട് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഫുഡ് ആൻഡ് ന്യൂട്രിഷൻ അതോറിറ്റിയും മുനിസിപ്പാലിറ്റിയും ചേർന്ന് 58 നിയമലംഘനങ്ങൾ കണ്ടെത്തി. മായം ചേർത്ത 12 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
വ്യവസായ മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, മാൻപവർ അതോറിറ്റി എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു പരിശോധന. തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും അനധികൃത വസ്തുക്കളും നീക്കം ചെയ്തിട്ടുണ്ട്.
നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധനയും നടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
















