Kerala

മാധ്യമങ്ങളെ വേട്ടയാടുന്ന പ്രവണത മുളയിലേ നുള്ളണം: RBC ക്കെതിരായ GST വകുപ്പിന്റെ കേസ് മനോധര്‍മ്മം പോലെ എടുത്തത് ?: തോമസ് ഐസക്

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായി ജിഎസ്ടി വകുപ്പ് നടത്തുന്ന നടപടികളില്‍ വിമര്‍ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് രംഗത്ത്. ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി അന്വേഷണം നടത്തുന്നതെന്ന് ജിഎസ്ടി കമ്മീഷണര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിന് യാതൊരു അടിത്തറയുമില്ല. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിന്റെ സേവനം വാങ്ങുമ്പോള്‍ റിവേഴ്‌സ് ചാര്‍ജായി ജിഎസ്ടി ഈടാക്കുന്നത് ന്യായമാണ്. അതിന് നോട്ടീസ് നല്‍കാം. അഡ്വാന്‍സിന് മേലുള്ള ജിഎസ്ടി നല്‍കിയില്ലെങ്കില്‍ സെക്ഷന്‍ 74 പ്രകാരം പിഴയും ഈടാക്കാം. എന്നാല്‍ അത്തരം സേവനം നല്‍കുന്നില്ല എന്ന് എഎഫ്‌സി പ്രഖ്യാപിച്ച് കഴിഞ്ഞു. സപ്ലൈ ഇല്ലാതെ എന്ത് ജിഎസ്ടി ആണ് ഈടാക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

‘ജിഎസ്ടി എപ്പോഴും സപ്ലൈക്ക് നേരെയാണ്. സപ്ലൈ ഇല്ലാതാകുന്നതോടെ ജിഎസ്ടിയുടെ അടിസ്ഥാനവും ഇല്ലാതാകുന്നു. നികുതി ഉദ്യോഗസ്ഥന്‍മാര്‍ക്ക് മനോധര്‍മത്തിനനുസരിച്ച് കേസ് എടുക്കാന്‍ കഴിയുന്ന സംവിധാനം പഴയ വാറ്റ്, വില്‍പ്പന നികുതി സംവിധാനത്തിലുണ്ടായിരുന്നു. അതെല്ലാം നീക്കം ചെയ്തു. ഒടുവില്‍ ഇത്തരം വിവേചനാധികാരം കമ്മീഷണറില്‍ ചുരുക്കി. നികുതി വെട്ടിക്കുന്നതിന് വേണ്ടി വ്യാജ രേഖ ചമയ്ക്കുകയോ ഇന്‍വോയിസ് ക്രിതൃമം നടത്തുകയോ ചെയ്താല്‍ ഇത്തരം അന്വേഷണങ്ങളിലേക്ക് പോകാന്‍ കമ്മീഷണര്‍ക്ക് ഓര്‍ഡര്‍ ഇടാം. എന്നാല്‍ എഎഫ്‌സിയുടെ സപ്ലൈ തന്നെ ഇവിടെ ഇല്ല, പിന്നെ എന്തിനാണ് ജിഎസ്ടി. നല്‍കിയ അഡ്വാന്‍സിന് നികുതി പിരിച്ചിരുന്നെങ്കില്‍ അത് റീഫണ്ട് ചെയ്യേണ്ടി വന്നേനെ. ജിഎസ്ടി കൊണ്ടുവന്നത് ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കാനാണ്’ എന്നും വ്യക്തമായി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

കേരളത്തിലെ വ്യാപാരികള്‍ക്ക് കൂടി പാഠമാകുന്ന ഒരു കേസാണ് ഇത്. ജിഎസ്ടിയില്‍ നിങ്ങള്‍ നല്‍കിയിട്ടുള്ള സംരക്ഷണത്തില്‍ മനോധര്‍മം അനുസരിച്ച് ജിഎസ്ടി കമ്മീഷണര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുകയറാമെന്ന സന്ദേശമാണ് ഇതെന്നും ഐസക്ക് വിശദീകരിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിനെതിരായി ഇപ്പോള്‍ എസ്‌ഐടി നടത്തുന്ന അന്വേഷണം എന്തിനാണെന്ന് തനിക്ക് മനസിലായിട്ടില്ല. മാധ്യമങ്ങള്‍ പ്രചാരണത്തിന് വേണ്ടി പരിപാടികള്‍ നടത്തുന്നത് സ്വാഭാവികമാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അനുമതിയോടും റിസര്‍ ബാങ്കിന്റെ അനുമതിയോടും കൂടി പണം മുടക്കി സര്‍ക്കാരിന് ഒരു രൂപ പേലും ചെലവില്ലാതെ ചാനല്‍ ഒരു ഫുട്ബോള്‍ ടീമിനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അതില്‍ എന്ത് അന്വേഷണമാണ് നടത്താനുള്ളത്. ഫുട്ബോള്‍ ടീം വരാതിരുന്നാല്‍ ആര്‍ബിസിയുടെ പണം നഷ്ടമാകും അല്ലാതെ അതില്‍ അന്വേഷണത്തില്‍ എന്താണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

അതില്‍ സര്‍ക്കാരിന് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലെന്നും ഐസക്ക് വ്യക്തമാക്കി. ഫുട്ബോള്‍ ഗ്രൗണ്ട് നവീകരിക്കുന്നതിന് വേണ്ടി റിപ്പോര്‍ട്ടര്‍ തന്നെ പണം മുടക്കുന്നു. അവിടെയും സര്‍ക്കാരിന് പണം നഷ്ടമില്ല. പിന്നെ എന്താണ് അന്വേഷിക്കുന്നതെന്നും എന്താണ് കേസെന്നുമാണ് അദ്ദേഹം ചോദിച്ചത്. ഇല്ലാത്ത കേസ് ഉണ്ടാക്കി മാധ്യമത്തെ വേട്ടയാടുന്നു. ഇന്ത്യയില്‍ മോദി എന്താണോ ചെയ്യുന്നത് അതിന്റെ മറ്റൊരു പകര്‍പ്പ് കേരളത്തില്‍ നടപ്പിലാക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇല്ലാത്ത ജിഎസ്ടി കേസും സ്‌പോണ്‍സര്‍ഷിപ്പ് കേസും കൊണ്ട് വന്നതില്‍ ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും തോമസ് ഐസക്ക് വിമര്‍ശിച്ചു.

മുന്‍ കായിക മന്ത്രിക്കെതിരായ ആരോപണത്തെയും അദ്ദേഹം തള്ളി. മാധ്യമങ്ങളെ വേട്ടയാടുന്ന പ്രവണത മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ കേരളത്തിന് ആപത്താണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ജിഎസ്ടിയെ രാഷ്ട്രീ ഉപകരണമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് ഇത്. ചില മാധ്യമങ്ങള്‍ സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ന്യൂസ് ഡെസ്‌ക്കില്‍ പൊലീസ് കയറുന്നത് കെട്ട് കേള്‍വി ഇല്ലാത്ത കാര്യമാണ്. മാധ്യമപ്രവര്‍ത്തകരുടെ കയ്യിലാണോ രേഖകള്‍ ഇരിക്കുന്നതെന്നും ഐസക്ക് ചോദിച്ചു.