യു.എ.ഇ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ ഭാഗമായ ദുബായിലെ ആദ്യ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ ‘അൽ യലായീസ്’ സെപ്റ്റംബർ 30 മുതൽ പ്രവർത്തനക്ഷമമാകും.
ജുമേറ ഗോൾഫ് എസ്റ്റേറ്റിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് ഈ പുതിയ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ജനുവരിയിൽ ആരംഭിച്ച അബുദാബി – ഫുജൈറ സർവീസുകളുടെ വിജയത്തിന് പിന്നാലെയാണ് ഇപ്പോൾ ദുബായിലേക്കും സർവീസ് വ്യാപിപ്പിക്കുന്നത്.
അന്നുതന്നെ ഷാർജയിലെ അൽ ദൈദിലേക്കും പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കും.
ഈ പുതിയ റെയിൽ കണക്റ്റിവിറ്റി യാഥാർത്ഥ്യമാകുന്നതോടെ ദുബായിലെ അൽ യലായീസിൽ നിന്നും അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്ക് വെറും 57 മിനിറ്റ് കൊണ്ട് യാത്രാസമയം ചുരുങ്ങും.
അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, എക്‌സ്‌പോ സിറ്റി, ദുബായ് സൗത്ത് തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നുള്ളവർക്ക് ഈ സ്റ്റേഷൻ ഏറെ പ്രയോജനപ്പെടും.
കൂടാതെ, ദുബായ് മെട്രോ റെഡ് ലൈനിലെ ജുമേറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷനുമായി അൽ യലായീസ് സ്റ്റേഷനെ കാൽനടപ്പാലം വഴി ബന്ധിപ്പിച്ചിരിക്കുന്നു എന്നത് യാത്രക്കാർക്ക് മറ്റ് പൊതുഗതാഗത മാർഗ്ഗങ്ങളിലേക്ക് എളുപ്പത്തിൽ മാറാൻ സഹായകമാകും.
യാത്രാനിരക്കുകളുടെ കാര്യത്തിൽ, പ്രീമിയം ക്ലാസിന് 120 ദിർഹവും കംഫർട്ട് ക്ലാസിന് 55 ദിർഹവുമാണ് പ്രാരംഭ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.















