സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ചൊവ്വാഴ്ച വരെ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM).
ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും വെള്ളക്കെട്ടിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് അകലം പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. വാദികളിലും വെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിലും ഇറങ്ങുകയോ നീന്തുകയോ ചെയ്യരുത്.
ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണം. നാഷനൽ സെന്‍റർ ഫോർ മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം മക്ക മേഖലയിൽ ശക്തമായ മഴക്ക് വരെ സാധ്യതയുണ്ട്. പ്രളയസാഹചര്യവും ആലിപ്പഴ വർഷവും ശക്തമായ കാറ്റും ഉണ്ടായേക്കാം.
കാറ്റിനൊപ്പം പൊടിയും മണലും ഉയരാനും സാധ്യതയുണ്ട്. ത്വാഇഫ്, മൈസാൻ, അദം, അൽ അർദിയാത്ത് മേഖലകളിലാണ് പ്രധാനമായും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
ജിസാൻ, അസീർ, അൽ ബഹ മേഖലകളിലും മഴക്കും മലവെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മദീന, നജ്റാൻ മേഖലകളിൽ നേരിയതുമുതൽ മിതമായതുവരെയുള്ള മഴ ലഭിക്കാനും സാധ്യതയുണ്ട്.















