ഇടുക്കിജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. അപകടസാധ്യത ഒഴിവാക്കുന്നതിനായി മലയോര മേഖലകളിൽ രാത്രിയാത്ര പൂർണ്ണമായും നിരോധിച്ചു.
വൈകിട്ട് 7 മണി മുതൽ രാവിലെ 6 മണി വരെ മലയോര മേഖലകളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി.
കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ നിർദേശം നൽകി.
മൂന്നാറിലും പരിസര പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്.
വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പോലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണിൽ എത്തേണ്ടത്.
ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു. അടിമാലി മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നേര്യമംഗലം – വാളറ റോഡിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.















