കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ സന്നിധാനത്ത് അരവണ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. നിലവിൽ 5000 ടിൻ അരവണ മാത്രമാണ് സ്റ്റോക്കുള്ളത്. എന്നാൽ, നട അടയ്ക്കുന്ന അവസാന ദിനമായ ഇന്ന് പതിനായിരക്കണക്കിന് തീർത്ഥാടകരാണ് ദർശനത്തിനായി എത്തിച്ചേരുന്നത്.
ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് മാത്രം 15,000 ആണ്. സ്പോട്ട് ബുക്കിംഗ് കൂടിയാകുമ്പോൾ 17,000ത്തിലധികം ആളുകൾ ദർശനത്തിന് എത്തും. ഒരാൾക്ക് ഒരു ടിൻ അരവണ വീതം എന്ന നിയന്ത്രണം കൊണ്ടുവന്നത് കഴിഞ്ഞദിവസം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അരവണ പ്ലാന്റിൽ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം നിർത്തിയത്. എന്നാൽ മാസപൂജക്കുള്ള തിരക്ക് മുൻകൂട്ടി കണ്ട് കരുതൽ ശേഖരം ഒരുക്കുന്നതിൽ ദേവസ്വം ബോർഡിന് ഉണ്ടായ വീഴ്ചയാണ് പ്രതിസന്ധി സൃഷ്ടിച്ചത്.















