സോഷ്യല്‍ മീഡിയയില്‍ തരംഗമായ പേരാണ് ധ്രുവ് റാഠി. കേന്ദ്രസര്‍ക്കാരിനെയും അതിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, ബി.ജെ.പി ആര്‍.എസ്.എസ്. സംഘപരിവാറിനെയും തന്റെ യൂ ട്യൂബ് ചാനലിലൂടെ നിശിതമായി വിമര്‍ശിക്കുന്ന വീഡിയോകള്‍ ചെയ്താണ് ധ്രുവ് റാഠി വൈറലായത്. നരേന്ദ്രമോദിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നവരില്‍ മുമ്പിലണ് ധ്രുവ്. ഇദ്ദേഹത്തിന്റെ വീഡിയോകള്‍ഖ്ക് മില്യണ്‍-ട്രില്യണ്‍ വ്യൂവേഴ്‌സുണ്ട്. അത്രമേല്‍ വിലയേറിയ കണ്ടന്റുകളാണ് ധ്രുവ് റാഠി ചെയ്യുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ മേഖലയയെ പിടിച്ചു കുലുക്കുന്ന വീഡിയോകള്‍ വരെ ഇദ്ദേഹം ചെയ്തിട്ടുണ്ട്.
പറയുന്ന കാര്യങ്ങള്‍ക്ക് നൂറു ശതമാനവും സത്യസന്ധത പുലര്‍ത്തുകയും വസ്തു നിഷ്ഠമായി വിഷയത്തെ വിശകലനം ചെയ്യുന്നതു കൊണ്ടുമാണ് ധ്രുവ് റാഠിയെന്ന യൂ ട്യൂബറുടെ വീഡിയോകള്‍ക്ക് വ്യൂവേഴ്‌സ് കൂടുന്നത്. ധ്രുവ് റാഠിയുടെ വീഡിയോകള്‍ വരുന്നതും കാത്തിരിക്കുന്ന പ്രേക്ഷകരുണ്ട്. അദ്ദേഹത്തിന്റെ വിശകലനത്തില്‍ സന്തുഷ്ടരാകുന്നവരും, ശരി ഇതാണെന്ന് മനസ്സിലാക്കുന്നവരുമണ്ട്. രാഷ്ട്രീയം, മിഥ്യാധാരണകള്‍, മതം, വിനോദം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ഭയമായി ഇടപെട്ടുകൊണ്ട് ചിന്തോദ്ദീപകവും ചിലപ്പോള്‍ വിവാദപരവുമായ ഉള്ളടക്കങ്ങളിലൂടെ ധ്രുവ് റാഠി തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഭാര്യയ്ക്കൊപ്പം ജര്‍മ്മനിയില്‍ താമസിക്കുന്ന റാഠിക്ക് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയൊരു ആരാധക വൃന്ദമുണ്ട്.
യൂട്യൂബില്‍ 11.8 ദശലക്ഷത്തിലധികം വരിക്കാരും (1.4 ബില്യണ്‍ വ്യൂസ്), ട്വിറ്ററില്‍ 1.6 ദശലക്ഷം ഫോളോവേഴ്സും, ഇന്‍സ്റ്റാഗ്രാമില്‍ 1.7 ദശലക്ഷം ഫോളോവേഴ്സും ഉള്ള അദ്ദേഹത്തിന്റെ സ്വാധീനവും ജനപ്രീതിയും നിസ്തര്‍ക്കമാണ്. അതുകൊണ്ടു തന്നെ ബിഗ്‌ബോസ് എന്ന വലിയ ടെലിവിഷന്‍ ഷോയെ കുറിച്ച് ധ്രുവ് റാഠി പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണെന്ന് പറയേണ്ടി വരും. ബിഗ്‌ബോസ് ഷോയെകുറിച്ച് യൂ ട്യൂബര്‍ ധ്രുവ് റാഠിയുടെ ഏറ്രവും പുതിയ വീഡിയോയില്‍ പറയുന്ന വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ബിഗ് ബോസ് ഒ.ടി.ടി-2ല്‍ (Bigg Boss OTT 2) ധ്രുവ് റാഡി വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായി പങ്കെടുത്തേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഷോയെ തള്ളിപ്പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയത്.
വിലകുറഞ്ഞതും അനാവശ്യവുമായ ഷോയാണ് ബിഗ് ബോസ്. തികച്ചും അനാര്‍ത്ഥവും നിലവാരമില്ലാത്തതുമായ (Cheap and Nonsense) ഒരു ഷോയാണ് ബിഗ് ബോസ്. തന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്തരമൊരു ഷോയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. ഈ റിയാലിറ്റി ഷോ ആളുകളുടെ ചിന്താഗതിയെയും സമൂഹത്തെയും വളരെ മോശമായി ബാധിക്കുന്നുണ്ട്. ആളുകളുടെ വിലപ്പെട്ട സമയം ഇത് നശിപ്പിക്കുന്നു. കോടികള്‍ ഓഫര്‍ ചെയ്താല്‍ പോലും താന്‍ ബിഗ് ബോസ് ഷോയിലേക്ക് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്തിക്കോ പണത്തിനോ വേണ്ടി തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്നും ധ്രുവ് പറയുന്നു.
ചുരുക്കത്തില്‍, ബിഗ് ബോസ് പോലുള്ള ഷോകള്‍ പ്രേക്ഷകരില്‍ വലിയ തോതില്‍ നെഗറ്റിവിറ്റി മാത്രമാണ് ഉണ്ടാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ബിഗ് ബോസ് എന്ന ആശയത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ധ്രുവ് റാഠി പങ്കുവെച്ചു. ഈ വീഡിയോയിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുന്ന അദ്ദേഹം, ബിഗ് ബോസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഇത്തരമൊരു വിജ്ഞാനപ്രദമായ വീഡിയോ പങ്കുവെച്ചതിന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.
ധ്രുവ് റാഠിയുടെ വീഡിയോയില്‍ പറയുന്നത്
ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എന്നെ ആരും സമീപിച്ചിട്ടില്ല. എനിക്ക് ബിഗ് ബോസില്‍ പോകണമെന്ന് ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലവാരം വളരെ താഴ്ന്നതാണെന്ന് ഞാന്‍ പറയും. എന്തും ഒരു മടിയും കൂടാതെ അവര്‍ പ്രസിദ്ധീകരിക്കുമെന്നും ധ്രുവ് റാഠി കുറ്റപ്പെടുത്തുന്നു. നിങ്ങളില്‍ ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും ധ്രുവിനെ ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമെന്നാണ്. അതിനുള്ള ഉത്തരം ഇല്ലെന്നാണ്. അത് ഉറപ്പാണ്. ഈ ഷോയില്‍ പങ്കെടുക്കാന്‍ അവര്‍ എനിക്ക് ലക്ഷങ്ങളോ കോടികളോ വാഗ്ദാനം ചെയ്താലും ജീവിതത്തില്‍ ഒരിക്കലും ഇത്തരമൊരു അസംബന്ധം നിറഞ്ഞ പരിപാടിയില്‍ പോകില്ല.
എന്റെ അഭിപ്രായത്തില്‍ പണവും പ്രശസ്തിയും സമ്പാദിക്കാനുള്ള ഏറ്റവും വില കുറഞ്ഞ മാര്‍ഗ്ഗമാണ് ബിഗ് ബോസ്. ഈ ഷോ ആളുകള്‍ക്ക് വില കുറഞ്ഞ വിനോദവും നല്‍കുന്നു. രണ്ട് കാര്യങ്ങളുടെ വില കുറഞ്ഞ ഡോസ് ഇതിലൊക്കെയുണ്ട്. എവരിഡേ സാഡിസവും വോയറിസവും. ചുരുക്കിപ്പറഞ്ഞാല്‍ മറ്റുള്ളവരുടെ വേദനയിലും വിഷമത്തിലും ആസ്വദിക്കുന്നതാണ് സാഡിസം. ഒരു തരം ഗ്ലാഡിയേറ്റര്‍ ആസ്വാദനം. ആള്‍ക്കൂട്ട മര്‍ദ്ദനം, ആള്‍ക്കൂട്ട വിചാരയൊക്കെ ഇതിന്റെ ഭാഗമാണ്. ആളുകള്‍ ഇത്തരം വിഡ്ഡിത്തം കാണാന്‍ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ് അവരുടെ കച്ചവട ഫോര്‍മുല. മത്സരാര്‍ത്ഥികള്‍ പരസ്പരം കലഹിക്കുകയും ശാരീരിക ഉപദ്രവങ്ങള്‍ വരെയുണ്ടാകുന്നു.
ഒരു മത്സരാര്‍ത്ഥി മറ്റൊരു മത്സരാര്‍ത്ഥിയുടെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിക്കുന്നു, ശ്വാസം മുട്ടിക്കുന്നു. ഇത്തരം അസംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ഷോ അധികൃതരും പ്രേരിപ്പിക്കുന്നു. പണത്തിന് വേണ്ടി എത്ര മാത്രം അപമാനകരമായ കാര്യങ്ങളാണ് ചെയ്യുന്നു. കടുത്ത ബോഡിഷെയിമിങ്, പിന്നില്‍ നിന്ന് കുത്തല്‍, സ്ത്രീ വിരുദ്ധത, ഹോമോഫോബിയ, ടോക്‌സിക് റിലേഷന്‍ ഷിപ്പുകള്‍ എന്നിവയൊക്കെ പതിവായ കാര്യമാണ്. ഷോയുടെ ടിആര്‍പി കൂട്ടാന്‍ വേണ്ടി കാട്ടിക്കുന്ന ബന്ധങ്ങളും ഇതിന്റെ ഭാഗമാണ്. മറ്റുള്ളവരുടെ സ്വകാര്യതയും ജീവിതവും കാണുന്നതില്‍ വില കുറഞ്ഞ ആനന്ദം കണ്ടെത്തുന്നതാണ് വോയറിസം. ദൈനംദിന ജീവിതത്തിലും ഇതിന് നിരവധി ഉദാഹരണമുണ്ട്.
ലൈഫ് സ്‌റ്റൈല്‍ വീഡിയോസിന് വ്യൂസ് ലഭിക്കുന്നതും ഈ വോയറിസം കാരണമാണ്. ചില യൂട്യൂബര്‍ കുട്ടി കരഞ്ഞാല്‍ ആദ്യം തന്നെ കുട്ടിയെ എടുക്കാതെ ക്യാമറ എടുത്ത് ചിത്രീകരിക്കും. ഇതൊക്കെ മോശമായ കാര്യമാണ്. ആളുകള്‍ എന്ത് കാണണമെന്ന് അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. അതാണ് അവര്‍ എഡിറ്റ് ചെയ്ത് പുറത്ത് വിടുന്നത്. ബിഗ് ബോസില്‍ വഴക്കുകളും നിര്‍ബന്ധമാണ്. അതാണ് പ്രകടനത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. പലരും അതുപോലെയായി മാറുന്നു. വോട്ടിനേക്കാള്‍ ടിആര്‍പിയാണ് ആരെ വീട്ടില്‍ നിന്നും പുറത്താക്കണമെന്ന് തീരുമാനിക്കുന്നത്.
കൃത്യമായ സ്‌ക്രിപ്റ്റഡ് വഴി മുന്നോട്ട് പോകുന്നതല്ലെങ്കിലും ഷോയിലെ എഡിറ്റിങ്ങിനെ കുറിച്ച് മുന്‍ മത്സരാര്‍ത്ഥികള്‍ തന്നെ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്.തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെയാണ് അവര്‍ ഷോയിലേക്ക് തിരഞ്ഞെടുക്കുന്നത്. എഡിറ്റിങിന് ഇവിടെ വലിയ പ്രധാന്യമുണ്ട്. കൃത്യമായും അവരുടെ ധാരണയ്ക്ക് അനുസരിച്ചാണ് എഡിറ്റിങ് മുന്നോട്ട് പോകുന്നത്. ബിഗ് ബോസിന്റെ ആളുകളോട് ചോദിച്ചാല്‍ ഇത് വിനോദം മാത്രമാണെന്നായിരിക്കും അവരുടെ മറുപടി. പൊതുജനം ഇത് ആഗ്രഹിക്കുന്നു, അതുകൊണ്ട് അവര്‍ കാണിക്കുന്നു. എന്നാല്‍ ഇത്തരം റിയാലിറ്റി ഷോകള്‍ നമ്മളേയും ബാധിക്കും. പണവും പ്രശസ്തിയുമൊക്കെ വേണമെങ്കില്‍ തങ്ങളുടെ വ്യക്തിത്വവും സ്വകാര്യതയും വില്‍ക്കണമെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.














