Features

‘മുഖം’ വാടകയ്ക്ക് കൊടുക്കപ്പെടും ?: വൈറലാകുന്ന പ്ലാറ്റ്‌ഫോമുകള്‍ ലോകത്തെ ഞെട്ടിക്കുന്നു ?; നിര്‍മിത ബുദ്ധിയുടെ ലീലാവിലാസങ്ങളില്‍ ചൈന

അഭിനയം എന്നത് ഒരു കലയാണ്. അതിലേക്ക് എത്തിപ്പെടുന്നവരും എത്താന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. സ്വന്തം മുഖം വെള്ളിത്തിരയിലും സ്റ്റേജിലുമൊക്കെ കാണുന്നത് ആരാണ് ഇഷ്ടപ്പെടാത്തത്. അതിനായി സിനിമാ, സീരിയല്‍, പരസ്യങ്ങള്‍ എന്നിവയില്‍ അഭിനയിക്കാന്‍ അവസരം കാത്തു നില്‍ക്കുന്നവരാണ് ഏറെയും. എന്നാല്‍, ആദുനിക ലോകത്ത്, അതായത്, നിര്‍മിത ബുദ്ധിയുടെ പിടിമുറുകുന്ന ലോകത്ത് അഭിനയിക്കാന്‍ ഓടി നടക്കേണ്ടതില്ല എന്നാണ് ചൈനയില്‍ നിന്നും വരുന്ന വാര്‍ത്തകളും വിവരങ്ങളും. AI കാലത്ത് നിങ്ങളുടെ മുഖം മാത്രം നല്‍കിയാല്‍ മതിയാകും. അത് AI മുഖേന പരസ്യത്തിലോ മറ്റ് ചിത്രീകരണങ്ങളിലോ ഉപയോഗിക്കും.

ഇങ്ങനെ ഉഫയോഗിക്കുന്നതു വഴി നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുമാകും. ഇത് ചൈനയില്‍ ട്രെന്റായിക്കൊണ്ടിരിക്കുന്ന വരുമാന മാര്‍ഗമാണ്. എ.ഐ (നിര്‍മിതബുദ്ധി) ഉയര്‍ത്തുന്ന ആശങ്കകള്‍ വലിയ തോതില്‍ ചര്‍ച്ചയാകുമ്പോഴാണ് ചൈനയില്‍ ‘മുഖം’ വില്‍പ്പനയ്ക്ക് തയ്യാറാക്കി വെക്കാന്‍ പുതിയ സംവിധാനം വന്നിരിക്കുന്നത്. മനുഷ്യരാശിയെ മുഴുവന്‍ കൊന്നൊടുക്കുമോ AI എന്നും, തൊഴില്‍ നഷ്ടത്തിന് കാരണമായേക്കുമോ എന്നുമൊക്കെയുള്ള ആശങ്കകള്‍ക്ക് രണ്ടുണ്ട് വാദം. അങ്ങനെയൊന്നം സംഭവിക്കില്ലെംന്നൊരു വാദം. ഇത്തരം വാദപ്രതിവാദങ്ങള്‍ നില്‍ക്കുമ്പോഴാണ് എഐ വ്യാപനം ഇതുവരെ കേട്ടിട്ടില്ലാത്ത പുതിയൊരു പാര്‍ട് ടൈം വരുമാനത്തിന് വഴിയൊരിക്കുന്നത്.

സാധാരണ ജനങ്ങളുടെ മുഖങ്ങള്‍ എഐ പിന്തുണയോടെ നിര്‍മ്മിക്കുന്ന പരസ്യങ്ങളില്‍ മുതല്‍ ഗെയിമുകളില്‍ വരെ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുന്നതിലൂടെ വരുമാനം ഉണ്ടാക്കാം എന്നതാണ് ഈ അവസരം. വിനോദ മേഖലയെ എഐ മാറ്റിമറിക്കുന്നതിനൊപ്പമാണ് ഈ തൊഴില്‍ മാര്‍ഗം ചൈനയില്‍ വൈറലായിരിക്കുന്നത്. ഈ രംഗത്തു നിന്ന് ലഭിക്കുന്ന വരുമാനം, ഒരാളുടെ വ്യക്തിത്വം എഐ ഉപയോഗിച്ച് മാറ്റംവരുത്താന്‍ നല്‍കുന്ന സമ്മതം, എഐയ്ക്ക് എത്രത്തോളം നിയന്ത്രണം വിട്ടുകൊടുക്കാം തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. ഉത്തരങ്ങള്‍ തേടി ഇതിനു പിന്നാലെ ജനം ഓടിത്തുടങ്ങിയിട്ടുമുണ്ട്.

വളരെ ബുദ്ധിമുട്ടി പരസ്യചിത്രത്തിലടക്കം അഭിനയിക്കുന്നതിന് പകരം ‘മുഖം’ മാത്രം അതില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്നതിലൂടെ പണം സമ്പാദിക്കാം. ഇതിനായി എഐ നിര്‍മിത ഷോര്‍ട് ഡ്രാമകള്‍, പരസ്യങ്ങള്‍, ഗെയിമുകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളുമായി സാധാരണക്കാരെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ ചൈനയില്‍ വര്‍ധിച്ചുവരികയാണ്. മുഖവും രൂപവും ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കാന്‍ അവ ഉപയോക്താക്കളെ അനുവദിക്കുന്നു. മുന്‍പ് സിനിമ – ടെലിവിഷന്‍ മേഖലയിലെ ചാറ്റ് ഗ്രൂപ്പുകളില്‍ മാത്രം ഒതുങ്ങിയിരുന്ന സ്വകാര്യ ഇടപാടുകളാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ പരസ്യ പ്ലാറ്റ്‌ഫോമുകളിലേക്ക് വ്യാപിച്ചിരിക്കുന്നത്. ഈ പുതിയ ട്രെന്‍ഡ് മുഖം പോലെയുള്ള തികച്ചും വ്യക്തിപരമായ ഒന്നിനെ പുതിയൊരു വരുമാന സ്രോതസ്സാക്കി മാറ്റുകയാണ്.

ഇതിന്റെ നടപടിക്രമങ്ങള്‍ വളരെ ലളിതമാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഫെയ്‌സ്-ലൈന്‍സിങ് പ്ലാറ്റ്‌ഫോമുകളില്‍ ആര്‍ക്കും മുഖം രജിസ്റ്റര്‍ ചെയ്യാം. അവ തിരിച്ചറിയല്‍ പരിശോധന പൂര്‍ത്തിയാക്കി ഡിജിറ്റല്‍ നടന്മാരുടെ പ്രൊഫൈലുകള്‍ നിര്‍മ്മിക്കും. തുടര്‍ന്ന് പരസ്യചിത്ര നിര്‍മ്മാതാക്കള്‍ക്കടക്കം ഈ പ്രൊഫൈലുകള്‍ ബ്രൗസ് ചെയ്യാനും എഐ നിര്‍മ്മിത കഥാപാത്രങ്ങള്‍ക്കായി മുഖങ്ങള്‍ തിരഞ്ഞെടുക്കാനും സാധിക്കും.
ഷെന്‍ജന്‍ ആസ്ഥാനമായ യുവാന്‍ജിയാങ് സിന്‍ഷെങ് (Yuanxiang Xinsheng) എന്നത് മെയ് മാസത്തില്‍ തുടക്കം കുറിച്ച ഇത്തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമാണ്. രജിസ്‌ട്രേഷനും വെരിഫിക്കേഷനും ശേഷം ഉപയോക്താക്കള്‍ക്ക് ഇതില്‍ ഡിജിറ്റല്‍ പ്രൊഫൈലുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.

ഒരു പരസ്യ കമ്പനി മൂന്ന് ദിവസത്തിനുള്ളില്‍ ഒരു ബാങ്ക് ജീവനക്കാരന്റെ ചിത്രം ഏഴ് തവണ ഉപയോഗിച്ചതിലൂടെ അദ്ദേഹത്തിന് ഏകദേശം 2,500 യുവാന്‍ അതായത് ഏകദേശം 35,000 ഇന്ത്യന്‍ രൂപയിലധികം സമ്പാദിക്കാന്‍ കഴിഞ്ഞുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഷെന്‍ജന്‍ ആസ്ഥാനമായുള്ള ആക്ട്ഐഡി (ActID) ഒരു എപ്പിസോഡിന് ആളുകള്‍ക്ക് 99 മുതല്‍ 500 യുവാന്‍ വരെ (ഏകദേശം 1400 രൂപ മുതല്‍ 7000 രൂപ വരെ) നല്‍കുന്നുണ്ട്. ഈ പ്ലാറ്റ്ഫോമില്‍ ഏകദേശം 800 ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 300-ഓളം പേര്‍ തങ്ങളുടെ മുഖങ്ങള്‍ എഐ നിര്‍മിതികള്‍ക്കായി ലൈസന്‍സ് ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈനയിലെ ഏകദേശ പ്രതിഫലം ഏകദേശം 7 ഡോളര്‍ (ഏകദേശം 670 രൂപ) മുതല്‍ 15,000 ഡോളര്‍ (ഏകദേശം 14,000 ലക്ഷത്തിലധികം രൂപ) വരെയാണ്.

നിലവില്‍ എഐയ്ക്ക് പൂര്‍ണ്ണമായും സാങ്കല്‍പ്പികമായ മുഖങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. എങ്കിലും നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ വ്യക്തതയുള്ള മുഖങ്ങളാണ് ആവശ്യം. വ്യത്യസ്തവും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതും അല്ലെങ്കില്‍ യാഥാര്‍ത്ഥ്യബോധമുള്ളതുമായ മുഖങ്ങള്‍. പ്രധാന കഥാപാത്രങ്ങള്‍ക്ക് ആകര്‍ഷകമായ മുഖങ്ങളും അതുപോലെ തന്നെ പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യത്യസ്തമായ മുഖങ്ങളും നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. എഐ സൃഷ്ടിക്കുന്ന പരസ്യത്തിലടക്കം ആ വ്യക്തി അഭിനയിക്കേണ്ടി വരുന്നില്ല പകരം ആ മുഖം ഒരു സോഴ്സ് മെറ്റീരിയലായി പ്രവര്‍ത്തിക്കുന്നു.