ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് അണികളുമായി നടത്തിയ കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് താക്കീത് നല്‍കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സജിത്ത് മുട്ടമ്പലത്തിനും താക്കീത് നല്‍കിയിട്ടുണ്ട്. കെപിസിസി നേതൃത്വത്തിന്റേതാണ് നടപടി. കേസുകള്‍ പിന്‍വലിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു. ചിറയന്‍കീഴിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. പാലോട് രവിയുടെ നേതൃത്വത്തിലാണ് സമിതി. എന്‍. വിന്‍സന്റ്, കെ എസ് ശബരീനാഥന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരും സമിതിയിലുണ്ട്. ചിറയിന്‍കീഴിലെ തമ്മില്‍ തല്ല് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു.
ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി കണ്ടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് എം എം ഹസന്‍ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും പക്വതയോടെ ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോള്‍ കെപിസിസിയോട് പരാതിപ്പെടുന്നതിന് പകരം അനാവശ്യമായി വിവാദം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സെപ്റ്റംബര്‍ നാലാം തീയതിയായിരുന്നു ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ അനുയായിയായ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്‍ക്കത്തിന്റെ തുടക്കം. പ്രദീപ് യോഗത്തില്‍ പങ്കെടുക്കുകയും ചില കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതില്‍ പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന പ്രദീപിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ സജാദ് ഗ്രൂപ്പില്‍ സന്ദേശം അയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ രാത്രിയോടെ രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ ആരോപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.















