ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുകയും, ആണവ പദ്ധതികളിൽ നിന്ന് പിന്മാറുകയും, ‘ഭീകരവാദത്തിനുള്ള’ പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയിൽ സംസാരിക്കവെയാണ് ട്രംപ് ഇറാന് എതിരെയുള്ള നിലപാട് ശക്തമാക്കിയത്.
‘ഇറാനിലെ ഭരണകൂടം മോശമായി പെരുമാറുന്നത് അവർ ശക്തരോ ആത്മവിശ്വാസമുള്ളവരോ ആയതുകൊണ്ടല്ല, മറിച്ച് അവർ ദുർബലരും നിരാശരുമായതുകൊണ്ടാണ്’- ട്രംപ് പറഞ്ഞു. ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിന്നാൽ, കഴിഞ്ഞ 51 വർഷമായി നിലനിൽക്കുന്ന ഇറാന് ഭീഷണിയിൽ നിന്ന് മുക്തമായ ഒരു ലോകം ഉടൻ കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇറാന്റെ കാര്യത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിൽ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ് ഇറാനെന്ന് ആരോപിച്ച ട്രംപ്, “പക്ഷേ, ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഞാനല്ലെന്ന് അവർ മനസ്സിലാക്കുന്നില്ല” എന്ന് പരിഹസിച്ചു. താൻ ഇതിനകം തന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതാണെന്നും, നവംബറിലെ ഫലം തന്റെ ഇറാൻ നയത്തിൽ യാതൊരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തങ്ങൾ ലക്ഷ്യമിടുന്ന എവിടെയും ആക്രമണം നടത്താൻ ഇറാന്റെ മിസൈലുകൾക്ക് ശേഷിയുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. ഇറാനിയൻ സർക്കാർ മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്തുവിട്ടത്. മിസൈൽ ശേഷിയിൽ രാജ്യം യാതൊരുവിധ നിയന്ത്രണങ്ങളും നേരിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















