ഗൂഗിളിന്റെ ആദ്യ പ്രീമിയം ലാപ്ടോപ്പായ ഗൂഗിൾബുക്ക് സെപ്റ്റംബർ 21 തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. അമേരിക്ക, കാനഡ, യുകെ, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇവ ലഭ്യമാവുക. ജെമിനി ഇൻ്റലിജൻസ് കഴിവുകളും മികച്ച ഹാർഡ്‌വെയർ പിന്തുണയോടും കൂടിയാണ് ഗൂഗിൾ ബുക്ക് എത്തിയിരിക്കുന്നത്. ഐഫോൺ ഉപയോക്താക്കൾക്ക് മാക്ക്ബുക്ക് എന്നപോലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആശ്രയിക്കാവുന്ന ലാപ്ടോപ്പ് ആയിരിക്കും ഗൂഗിൾ ബുക്ക്.
ഏസർ, അസുസ്, ഡെൽ, എച്ച്.പി., ലെനോവോ എന്നീ ലാപ്ടോപ്പ് നിർമാതാക്കളുമായി ചേർന്നാണ് ഗൂഗിൾബുക്ക് പുറത്തിറക്കുക. വിൻഡോസ് ലാപ്ടോപ്പുകളെ പോലെ ഈ ബ്രാൻഡുകൾ ഇനി ഗൂഗിൾ ബുക്കുകളും പുറത്തിറക്കും. 899 ഡോളറിലാണ് ഈ ലാപ്ടോപ്പുകൾക്ക് വില ആരംഭിക്കുന്നത്. 12 മാസത്തെ ഗൂഗിൾ എഐ പ്രോ സബ്സ്ക്രിപ്ഷൻ ഉപയോക്താക്കൾക്ക് ലഭിക്കും. 5 ടി.ബി. വരെ ക്ലൗഡ് സ്റ്റോറേജും ഉണ്ടാവും. ജെമിനിയുടെ അത്യാധുനിക ടൂളുകൾ ഉപയോഗിക്കാനാവുന്നതിനൊപ്പം യൂട്യൂബ് പ്രീമിയം, അഡോബി ഫോട്ടോഷോപ്പ് ഉൾപ്പെടെയുള്ളവയും ലഭിക്കും. ഒക്ടോബർ 4, 5 തീയതികളിൽ സ്റ്റോറുകളിൽ വിൽപനയ്‌ക്കെത്തുന്ന ഇവയുടെ പ്രീ-ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഇത് എന്ന് ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
പഴയ ക്രോം ബുക്കുകളിൽ നിന്ന് വ്യത്യസ്തമായി, അലുമിനിയം, മഗ്നീഷ്യം അലോയ്, കാർബൺ ഫൈബർ തുടങ്ങിയ പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഗൂഗിൾബുക്കുകൾ നിർമ്മിച്ചിരിക്കുന്നത്. 2.8K OLED ടച്ച്‌സ്ക്രീൻ ഡിസ്‌പ്ലേ, ഹാപ്റ്റിക് ഗ്ലാസ് ട്രാക്ക്‌പാഡ്, ബാക്ക്‌ലിറ്റ് കീബോർഡ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.ഇന്റൽ (Intel), ക്വാൽകോം (Qualcomm) പ്രോസസറുകളിൽ പ്രവർത്തിക്കുന്ന ഇവയിൽ 45 TOPS-ൽ അധികം ശേഷിയുള്ള പ്രത്യേക NPU നൽകിയിട്ടുണ്ട്. ഒറ്റ ചാർജിൽ 14 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ലാപ്‌ടോപ്പിന്റെ പുറംഭാഗത്തുള്ള ‘ഗ്ലോബാർ’ (Glowbar) എന്ന ലൈറ്റ്, സ്റ്റാർട്ടപ്പ് സമയത്തും ബാറ്ററി ചാർജ് കാണിക്കാനും ജെമിനിയോട് സംസാരിക്കുമ്പോൾ പ്രത്യേക ആനിമേഷനുകൾ നൽകുകയും ചെയ്യും.
ജെമിനി നിർമിത ബുദ്ധി ടൂളുകൾ : മാജിക് പോയിന്റർ: സ്‌ക്രീനിലെ കാര്യങ്ങൾക്കനുസരിച്ച് നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്ന നിർമിത ബുദ്ധി കഴ്‌സർ ഇതിലുണ്ട്. ക്രിയേറ്റ് യുവർ വിജറ്റ്: ജിമെയിൽ, കലണ്ടർ എന്നിവ ബന്ധിപ്പിച്ച് സ്വന്തമായി ഡാഷ്‌ബോർഡുകൾ നിർമ്മിക്കാം.
റാംബ്ലർ: സംസാരിക്കുന്നത് കേട്ട് സ്വയം ഓർഗനൈസ് ചെയ്ത ചെക്ക്‌ലിസ്റ്റുകളും നോട്ട്സുകളും ഉണ്ടാക്കുന്ന ടൂൾ. ആന്റിഗ്രാവിറ്റി: ഡെവലപ്പർമാർക്കായി പ്രത്യേകമായി നൽകിയിട്ടുള്ള നിർമിത ബുദ്ധി ഏജന്റ് ഡെവലപ്മെന്റ് പ്ലാറ്റ്‌ഫോം.















