റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐ അടിസ്ഥാനമാക്കിയുള്ള സംവിധാനം പരീക്ഷിക്കാൻ കേന്ദ്രം. സ്മാർട്ട്‌ഫോൺ വിഡിയോകൾ ഉപയോഗിച്ച് റോഡുകളിലെ കുഴികളും വിള്ളലുകളും ഉൾപ്പെടെ തിരിച്ചറിയുകയാണ് ലക്ഷ്യം. ഗ്രാമീണ റോഡുകളുടെ നിലവാരം വിലയിരുത്തുന്നതിനായി രാജ്യവ്യാപകമായി ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് (PMGSY) കീഴിലുള്ള റോഡുകളിൽ എഐ സംവിധാനം പരീക്ഷിക്കുന്നതിന് ഗ്രാമവികസന മന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങും (ഇഉഅഇ) നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഏജൻസിയും (NRIDA) ചേർന്നാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബർ ഒന്ന് മുതൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീൽഡ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണുകളിലെ ആപ്പ് വഴി റോഡിന്റെ വിഡിയോകൾ പകർത്തിയാണ് ഇത് വിലയിരുത്തുന്നത്. നിലവിൽ കുഴികൾ, നീളത്തിലുള്ള വിടവുകൾ, കുറുകെയുള്ള വിടവുകൾ, വശങ്ങളിലെ കേടുപാടുകൾ, പാച്ചുകൾ, കാടുപിടിച്ചതുകൊണ്ടുള്ള തടസങ്ങൾ തുടങ്ങി ഏഴ് തരം കേടുപാടുകൾ തിരിച്ചറിയാൻ ഈ സംവിധാനത്തിന് കഴിയും.
എഞ്ചിനീയർമാർ റോഡിലെ കുഴികൾ പരിശോധിച്ച് എഐ സംവിധാനങ്ങളുടെ കണ്ടെത്തലുമായി ഒത്തുനോക്കും. റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തീരുമാനം എടുക്കുന്നതിനുള്ള ഉപകരണമായി മാത്രമാണ് ഈ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. പൂനെ, ലഖ്നൗ, അസമിലെ കാംരൂപ്, മേഘാലയയിലെ റി-ഭോയ് എന്നീ പ്രദേശങ്ങളിലാണ് ഇതിന്റെ ആദ്യഘട്ട ട്രയലുകൾ നടന്നത്. നിലവിൽ, eMARG മൊബൈൽ ആപ്ലിക്കേഷനിൽ ഫീൽഡ് ഉദ്യോഗസ്ഥർ റെക്കോർഡുചെയ്ത പരിശോധനകളിലൂടെയും ജിയോ-ടാഗ് ചെയ്ത ചിത്രങ്ങളിലൂടെയുമാണ് റോഡ് അറ്റകുറ്റപ്പണികൾ നിരീക്ഷിക്കുന്നത്.















