ഏറെ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ച മാസപ്പടി ഇടപാട് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങിയേക്കും. കേസിൽ അന്വേഷണം നടത്തുന്നതിനായി ആഭ്യന്തര വകുപ്പ് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിനെ ചുമതലപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാനാണ് തീരുമാനം.കേസിൽ പ്രാഥമിക അന്വേഷണം നടത്തി കൃത്യമായ തെളിവുകൾ ലഭിച്ചാൽ മാത്രമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുക.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. മകൾ വീണ വഴി മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ.
വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കാട്ടി ഇ.ഡി സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന്മേൽ പൊലീസിന്റെ അടുത്ത നീക്കങ്ങൾ നിർണായകമാകും.















