പൂവച്ചല്‍ ഖാദര്‍. ആ പേരിനെ കേരളം എത്രമാത്രം ആഘോഷിച്ചിട്ടുണ്ട്. ഇല്ല, എന്നാണ് ഉത്തരം. ആ പേരും പേരുകാരനെയും ബോധപൂര്‍വ്വം വിസ്മരിച്ചപ്പോള്‍ മലയാളികള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിച്ചത് അദ്ദഹം എഴുതിയ വരികളാണ്, പാട്ടുകളാണ്. ഇന്നും ആ വരികള്‍ അനസ്വരമായി നില്‍ക്കുമ്പോള്‍ ഒരംഗീകാരവും നല്‍കാതെ കേരളം പൂവച്ചല്‍ ഖാദര്‍ എന്ന അത്ഭുത ഗാനരചയിതാവിനെ അവഗണിച്ചു. എന്തിനാണ് ഇങ്ങനെ ചെയ്തത്. ആരാണ് കുറ്റക്കാര്‍. മലയാള സിനിമാ ശാഖയില്‍ ഒരിക്കലും മറക്കാനാവാത്ത എത്രയോ പാട്ടുകളാണ് അദ്ദേഹത്തിന്റെ പേനത്തുമ്പില്‍ നിന്നും വിരിഞ്ഞിരിക്കുന്നത്. പാടിയാലും പാടിയാലും മതിവരാത്ത, കേള്‍ക്കുന്തോറും സ്‌നേഹവും പ്രണയവും വിരഹവും വേദനയും ഉന്‍മാദവും ഉണ്ടാകുന്ന പാട്ടുകള്‍. അതെല്ലാം മലയാളികള്‍ കേള്‍ക്കുമ്പോഴും അതിന്റെ ഉറവിടത്തെ മറന്നു പോകുന്നു.
ആയിരത്തി ഇരുന്നൂറോളം പാട്ടുകളാണ് അദ്ദേഹം മലയാള സിനിമാ ശാഖയ്ക്കു വേണ്ടി എഴുതിയത്. നോക്കൂ, ഒരു സിനിമയുടെ ജീവനാണ് പാട്ടുകള്‍. ആ പാട്ടുകള്‍ സിനിമയുടെ കഥയക്ക് അനുയോജ്യമായ രീതിയില്‍ എഴുതി സംഗീതം ചെയ്ത് ഉള്‍പ്പെടുത്തുമ്പോഴാണ് ആ സിനിമയ്ക്ക് ജീവന്‍ ഉണ്ടാകുന്നത്. ഒരു കഥ തന്നെ പാട്ടിലൂടെ അവതരിപ്പിച്ചു ഫലിപ്പിക്കാനകും. പ്രണയം എത്രമാത്രം അഗാധമായി സ്പര്‍ശിക്കുന്നുവെന്നും പാട്ടിലൂടെ കാണിക്കാനാകും. സമാനമായി വേദനും വിരഹവും സ്‌നേഹവുമെല്ലാം പ്രതിഫലിപ്പിക്കാനും കഴിയും. പാട്ടിന്റെ വരികളുടെ ലളിത്യവും അര്‍ത്ഥതലങ്ങളും പാട്ടിനെ വ്യത്യസ്തമാക്കുന്നുണ്ട്. പൂവച്ചല്‍ ഖാദറെന്ന അനുംഗ്രഹീത കലാകാരന്റെ പാട്ടുകളില്‍ ജീവന്റെ തുടിപ്പുണ്ട്.
ആ വരികളില്‍ സംഗീതം പകരുമ്പോള്‍ ജീവനുള്ള അക്ഷരങ്ങള്‍ പ്രേക്ഷകരെ കരയിപ്പിക്കുയും, ആനന്ദിപ്പിക്കുകയും ചെയ്യുന്നു. ഇത് തിരിച്ചറിഞ്ഞിട്ടും പൂവച്ചല്‍ ഖാദറെന്ന കലാകാരനെ കേരളം അംഗീകരിച്ചില്ല. ഒരു സംസ്ഥാന അവാര്‍ഡ് പോലും അദ്ദേഹത്തിന് ഇതുവരെയും നല്‍കിയിട്ടില്ല. ളബിച്ചില്ല, എന്നു പറയുന്നതിനേക്കാള്‍ നല്ലത്, നല്‍കിയില്ല എന്നു തന്നെയാണ്. കാരണം, കേരളത്തില്‍ യുവ തലമുറയില്‍പ്പെട്ട പാട്ടൈഴുത്തുകാര്‍ക്കെല്ലാം അവാര്‍ഡുകള്‍ കൊടുക്കുന്നതില്‍ മത്സരമാണ്. രാഷ്ട്രീയമായും, അല്ലാതെയുമൊക്കെ അവാര്‍ഡുകളുടെ ഘോഷയാത്ര നടത്തുമ്പോഴാണ് പൂവച്ചല്‍ ഖാദറെന്ന കലാകാരനെ തഴഞ്ഞതെന്നു മനസ്സിലാക്കണം.
നോക്കൂ, താളവട്ടം എന്ന മോഹന്‍ലാല്‍ കാര്‍ത്തിക ലിസ്സി കൂട്ടുകെട്ടില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന സിനിമയിലെ ഗാനങ്ങള്‍. ‘പൊന്‍ വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ’….എന്ന പാട്ട് ആര് മറക്കാനാണ്. വേണുനാഗവള്ളി അഭിനയിച്ച സിനിമയിലെ ‘അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ക്ലാസ് പാട്ട് പ്രണയത്തിന്റെ പരകോടിയിലാണ്. ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരിപ്പൂ’ എന്ന ഗാനത്തിന്റെ ജീവന്‍ അനുഭവിച്ചവരാണ് നമ്മള്‍. മോഹന്‍ലാല്‍ സിനിമയിലെ ‘ മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ..കൈയ്യില്‍ വാര്‍മതിയേ’ എന്ന പാട്ടിലെ സ്‌നേഹം മറക്കാനാവുമോ. നിറക്കൂട് സിനിമയിലെ മമ്മൂട്ടി സുമലത കൂട്ടുകെട്ടിന്റെ പ്രണയ ഗാനമായ ‘പൂ മാനമേ..ഒരു രാഗമേഘം താ’ എന്ന പാട്ട് ഇന്നും മലയാളികളുടെ മനസ്സില്‍ കുളിരുകോരിയിടുന്നുണ്ട്.
അനാവശ്യ സാഹിത്യം കുത്തി നിറയ്ക്കാതെ സാധാരണ പ്രേക്ഷകര്‍ക്കു വരെ മനസ്സിലാകുന്ന ഭാഷയില്‍ എവുതിയ അനശ്വര ഗാനങ്ങളാണ് എല്ലാം. ‘ കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിയല്ലേ’ എന്ന പാട്ടും, ‘ കിളിയേക്കിളിയേ..മണിമണി മേഘത്തോപ്പില്‍’….’എന്നില്‍ നിന്നും വിടരും കിനാവേ’…’ഇത്തിരി നാണം പെണ്ണിന്‍ കവിളിന് കുങ്കുമമേകുമ്പോള്‍’…’ശരറാന്തല്‍ തിരിതാഴ്ന്നു മുകിലിന്‍ കുടിലില്‍..മൂവന്തി പെണ്ണുറങ്ങാന്‍ കിടന്നു’…’ ഹൃദയം ഒരു വീണയായ്’…’ രാജീവം വിടരും നിന്‍ മിഴികള്‍’…മൗനമേ നിറയും മൗനമേ’ തുടങ്ങിയ പാട്ടുകള്‍ ഏതാനും ചിലതു മാത്രമാണ്. ഈ പാട്ടുകലുടെ വരികളെല്ലാം 80കളിലും 90കളിലും പാടി നടന്നവരാണ് ഏറെപ്പേരും. എന്നിട്ടും, പൂവച്ചല്‍ ഖാദറിനെ അംഗീകരിക്കാന്‍ മലയാളമോ കേരളമോ തയ്യാറായില്ല എന്നിടത്താണ് ഒഴിവാക്കലിന്റെ രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നത്.















