അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്കായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യു.എസിലെത്തി. വിമാനത്താവളത്തിലെത്തിയ ഷി ചിൻപിങ്ങിനെ ട്രംപ് നേരിട്ടെത്തി സ്വീകരിച്ചു.
ഭാര്യ പെങ് ലിയുവാൻ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും സിപിസി കേന്ദ്ര കമ്മിറ്റിയുടെ ജനറൽ ഓഫിസ് ഡയറക്ടറുമായ കായ് ക്വി, സിപിസി കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യി എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘവും ഷിക്കൊപ്പമുണ്ട്.
കഴിഞ്ഞ മേയിൽ ട്രംപ് ചൈന സന്ദർശിച്ചതിന് പിന്നാലെ, ആറ് മാസത്തിനുള്ളിൽ ഇരുനേതാക്കളും നടത്തുന്ന ഈ പരസ്പര സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
വൈറ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ യു.എസ്–ചൈന വ്യാപാരം, തായ്‌വാൻ വിഷയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ആഗോള സമാധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.
സാങ്കേതികവിദ്യയിലും എ.ഐ (AI) മേഖലയിലും ആധിപത്യം സ്ഥാപിക്കാനുള്ള ഇരുരാജ്യങ്ങളുടെയും മത്സരം വലിയ ഭിന്നതകൾക്ക് കാരണമായിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.















