എസ്ഐആറുമായി ബന്ധപ്പെട്ടും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വ്യാപക ആരോപണങ്ങള്‍ ഉയരവേ വിഷയത്തില്‍ ഇടപെടുമെന്ന സൂചന നല്‍കി കോക്രോച്ച് ജനതാ പാര്‍ട്ടി. ഇന്ന് ഉച്ചക്ക് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സിജെപി വക്താവ് അശുതോഷ് റങ്ക പറഞ്ഞു. ‘ഗ്യാനേഷ് ബ്രോ, കളി കഴിഞ്ഞു ബ്രോ’ എന്നാണ് അശുതോഷ് റങ്ക എക്സില്‍ എഴുതിയത്.
‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളെല്ലാം റദ്ദാക്കി ഉടന്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് നിര്‍ണായകമായ വാര്‍ത്താസമ്മേളനം നടത്തും. ഗ്യാനേഷ് ബ്രോ, കളി കഴിഞ്ഞു ബ്രോ’ -അശുതോഷ് റങ്ക എഴുതി. ഗ്യാനേഷ് കുമാറിനെതിരായ സിജെപിയുടെ സമരപ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഒഴുക്കിയത് കോടികള്‍; പകുതിയിലേറെയും ബംഗാളില്‍, കേരളത്തില്‍ ചെലവിട്ടത് 82.67 കോടി തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായഭിന്നതകള്‍ പുറത്തായതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. അംഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയിരുന്നു.
ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവിക ചര്‍ച്ചകളുടെ ഭാഗമാണെന്നും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പുള്ള നടപടിക്രമം മാത്രമാണ് ഭിന്ന വീക്ഷണങ്ങളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഔദ്യോഗികമായി രേഖാമൂലം പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാലെയാണ് കമ്മീഷന്റെ വിശദീകരണം.















