തന്റെ പുതിയ ചിത്രം ‘സിഗ്മ’യുടെ കഥ ആദ്യം പറഞ്ഞത് ദുൽഖർ സൽമാനോട് എന്ന് ജേസൺ സഞ്ജയ്. ചെന്നൈയിൽ വച്ച് ദുൽഖർ സൽമാനെ നേരിൽ കണ്ട് പറഞ്ഞെന്നും അദ്ദേഹത്തിന് കഥ ഇഷ്ടമായെന്നും ജേസൺ പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ അദ്ദേഹത്തിന് ഡേറ്റുകൾ ഉണ്ടായിരുന്നില്ലെന്നും ഭാവിയിൽ ദുൽഖറിനൊപ്പം സിനിമ ചെയ്യാൻ സാധിക്കുമെന്നും ജേസൺ കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിൽ ജേസൺ പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘ഞാൻ ചെന്നൈയിലെത്തി ദുൽഖർ സൽമാൻ സാറിനെ കണ്ട് ‘സിഗ്മ’യുടെ കഥ പറഞ്ഞു. എന്നെ അദ്ദേഹത്തിന് അറിയാമോ എന്നോ, സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഡേറ്റുകൾ ലഭിക്കുമോ എന്നോ എനിക്ക് അന്ന് ഉറപ്പുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകൾ എനിക്ക് വളരെയധികം ഇഷ്ടമാണ്, തിരക്കഥകൾ തെരഞ്ഞെടുക്കുന്ന രീതിയും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. ഏകദേശം രണ്ടു മണിക്കൂറോളമാണ് ഞാൻ അദ്ദേഹത്തോട് കഥ വിവരിച്ചത്. അതിനുശേഷം ഞങ്ങൾ ഏറെ നേരം സംസാരിക്കുകയും അദ്ദേഹം എനിക്ക് ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ആ സിനിമ ചെയ്യാൻ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നെങ്കിലും, നിർഭാഗ്യവശാൽ അദ്ദേഹത്തിന് ഡേറ്റുകൾ ഉണ്ടായിരുന്നില്ല. എങ്കിലും ഭാവിയിൽ അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ എനിക്ക് സാധിക്കുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ട്’, ജേസൺ പറഞ്ഞു.
അതേസമയം, വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന ചിത്രം സിഗ്മ ഒക്ടോബർ 2ന് തിയറ്ററുകളിലെത്തും. ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമെന്ന് ട്രെയിലർ നിന്ന് തന്നെ വ്യക്തമാണ്. മൈന്ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്ഷൻ ത്രില്ലറാകും ചിത്രം. സന്ദീഷ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. തന്റെ 25ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം.















