Crime

‘തട്ടിപ്പിന്റെ ഹൂറി’യോ ?: ജോലി തട്ടിപ്പ് കേസില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സി.ഇ.ഒ കസ്റ്റഡിയില്‍; ആരാണ് പാര്‍വ്വതി മായാ ഷാജി

കേരളത്തില്‍ എത്രയെത്ര മനോഹരമായ തട്ടിപ്പുകളാണ് നടന്നു വരുന്നത്. ജോലി തട്ടിപ്പു ഇന്റര്‍നെറ്റിലെ അറസ്റ്റു ചെയ്യല്‍ തട്ടിപ്പു വരെ നടക്കുന്നുണ്ട്. തട്ടിപ്പിനിറങ്ങുന്നവര്‍ക്ക് സമൂഹത്തില്‍ വലിയ നിലയും വിലയുമൊക്കെയുണ്ടാകും. കണ്ടാല്‍ കട്ട ഗ്ലാമറും, യാത്രയൊക്കെ റോള്‍സ്‌റോയിസിലും ബെന്‍സിലും കോണ്ടായായിലുമൊക്കെ ആയിരിക്കും. മുന്തിയ ഹോട്ടലുകളില്‍ താമസം, ഭക്ഷണം. ഇവരുടെയൊക്കെ വരവും പോക്കും കണ്ടാല്‍ത്തന്നെ ആലുകള്‍ വീണുപോകും. ഇതൊരു കെണിയാണെന്നും അതില്‍ വീണ് പണം പോയെന്നുമൊക്കെ പിന്നീടാണ് തിരിച്ചറിയുന്നതെന്നു മാത്രം. ഇതാ തലസ്ഥാനത്തു നിന്നു തന്നെ ഒരു തട്ടിപ്പിന്റെ രാജകുമാരിയായിരുന്ന ഒരാളുടെ വാര്‍ത്തയാണ് വരുന്നത്.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്നു കേട്ടിട്ടില്ലേ. അതുപോലെ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ തട്ടിപ്പും പുറത്തു വന്നു. പക്ഷെ, തട്ടിപ്പാണെന്നു മനസ്സിലാക്കി അകത്താക്കുന്നതു വരെ ആഢംബരത്തിന്റെ അവസനാ വാക്കുപോലെയായിരുന്നു ജീവിതം. പറഞ്ഞു വരുന്നത്, ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായഷാജി എന്ന തട്ടിപ്പുകാരിയെ കുറിച്ചാണ്. ഇവരെ ഇപ്പോള്‍ പോലീസ് പൂട്ടിയിട്ടുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ആംസ്റ്റര്‍ ഓവര്‍സീസ് സി.ഇ.ഒ പാര്‍വതി മായ ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

വിദേശത്തു നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനത്താവള സുരക്ഷാ വിഭാഗത്തിന്റെയും പോലീസിന്റെയും സഹായത്തോടെ പാര്‍വതി മായയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അര്‍മേനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെന്ന പരാതിയാണ് ഇവര്‍ക്കെതിരേ പോലീസിന് ലഭിച്ചിരിക്കുന്നത്. ജോലി വാഗ്ദാനം നല്‍കി പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി വ്യക്തമാക്കി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി മായ ഷാജി ഒന്നാം പ്രതിയുമാണ്.

വിദേശത്തേക്ക് തൊഴില്‍ തേടിപ്പോകുന്ന നിരവധി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. വിസയോ വാഗ്ദാനം ചെയ്ത ജോലിയോ ലഭിക്കാതിരിക്കുകയും നല്‍കിയ പണം തിരികെ ചോദിച്ചപ്പോള്‍ ഏജന്‍സി അധികൃതരില്‍ നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് സെര്‍ച്ച് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ ഓവര്‍സീസിന് കൊച്ചി, കട്ടപ്പന, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ശാഖകളുണ്ട്.

ബെംഗളൂരു, ഒമാന്‍, ദുബായ്, അബുദാബി, ബഹ്‌റൈന്‍, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനത്തിന് ശാഖകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദേശ രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങള്‍, സ്ഥിരതാമസത്തിനുള്ള സേവനങ്ങള്‍, ഉപരിപഠനത്തിനുള്ള അവസരങ്ങള്‍ എന്നിവയാണ് ആംസ്റ്റര്‍ ഓവര്‍സീസ് പ്രധാനമായും വാഗ്ദാനം ചെയ്തിരുന്നത്. പരാതികളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. പാലാരിവട്ടം പോലീസ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയിലേക്ക് കൊണ്ടുപോകും.
തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

ആരാണ് പാര്‍വ്വതി മായാ ഷാജി ?

തിരുവനന്തപുരം ലോ അക്കാദമി പഠനകാലത്താണ് പാര്‍വ്വതി വലിയൊരു സ്വപ്നം കണ്ടത്. വരുംകാലങ്ങളില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറന്നുയരുന്നതും, നാട്ടിലും വിദേശത്തുമായി വലിയൊരു വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതും. അതിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായിരുന്നു അത്. എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയ നിമിഷം ആ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാനുള്ള ആഗ്രഹത്തോടെ പാര്‍വ്വതി ഓരോ ചുവടും മുന്നോട്ട് വെച്ചത്. പ്രതിസന്ധികളെ ഭയക്കാതെ മുന്നോട്ടു നീങ്ങി. 2016 ല്‍ പന്ത്രണ്ട് വനിതാ സ്റ്റാഫുമാരുമായിട്ടായിരുന്നു ആംസ്റ്ററിന്റെ തുടക്കം. ഒട്ടനവധി ഓവര്‍സീസ് സ്ഥാപനങ്ങളും വലിയ റിസ്‌കും അടങ്ങിയിട്ടുള്ള മേഖലയില്‍ പാര്‍വ്വതിക്ക് ചുവടുറപ്പിക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. എല്ലായിടത്തും ഇന്‍വെസ്റ്റ്‌മെന്റ് ബുദ്ധിയും വിശ്വസവുമായിരുന്നു. പ്രൊഫഷണലുകള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനൊപ്പം പ്രവേശന നടപടികളും വിസ നടപടികളും പൂര്‍ത്തിയാക്കാന്‍ എല്ലാ വഴികളും തുറന്നിട്ടു.

മാനസ ബൈ പാര്‍വ്വതി

ബിസിനസ് രംഗം വൈവിധ്യവത്ക്കരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പാര്‍വ്വതി ചുവടുവെച്ച മറ്റൊരു മേഖലയായിരുന്നു വസ്ത്രവ്യാപാരം. സ്വന്തം ശൈലിയും ഫാഷനോടുള്ള അടങ്ങാത്ത ആഗ്രഹവും മുന്‍നിര്‍ത്തി ‘മാനസ ബൈ പാര്‍വ്വതി’ എന്ന ബ്രാന്‍ഡിലൂടെ വസ്ത്ര രംഗത്തും എത്തി. വ്യത്യസ്തമായ ഡിസൈനുകള്‍ക്കു മുന്‍ഗണന നല്‍കുന്ന മാനസ, ഫാഷന്‍ പ്രേമികളുടെ മനസ്സില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വേറിട്ടൊരു സ്ഥാനം നേടി. ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് മാനസ. ആംസ്റ്ററിന്റെ വലിയ തിരക്കിലും മാനസയ്ക്കായി പാര്‍വ്വതി സമയം കണ്ടെത്തി.

‘ദേ പുട്ട് ബഹ്‌റൈന്‍’

കേരളത്തിന്റെ തനത് നാടന്‍ രുചികളെ ബഹ്‌റൈനിലെ പ്രവാസികള്‍ക്കിടയിലേക്കും വിദേശികള്‍ക്കിടയിലേക്കും എത്തിച്ച് പാര്‍വ്വതിയുടെ ‘ദേ പുട്ട് ബഹ്‌റൈന്‍’.

അങ്ങനെ ബിസിനസ്സിന്റെ വിവിധ തലങ്ങള്‍ തൊട്ടാണ് പാര്‍വ്വതിയുടെ തട്ടിപ്പിന്റെ മുന്നേറ്റം നടന്നത്. അതിന് ഇപ്പോള്‍ അവസാനമായിരിക്കുന്നു. ഈ തട്ടിപ്പിന് കൂടുതല്‍ തെളിവുകള്‍ കിട്ടുന്നതോടെ പാര്‍വ്വതി പൂര്‍ണ്ണമായും നിയമത്തിന്റെ പിടിയിലാകും.