പാർട്ടി ബീച്ചുകൾക്ക്പ്പുറം വിസ്മയ കാഴ്ചകളുമായി സൗത്ത് ഗോവയിലെ നേത്രാവലി ഗ്രാമം ശ്രദ്ധ നേടുന്നു. കൈയടിക്കുകയോ ഉറക്കെ സംസാരിക്കുകയോ ചെയ്യുമ്പോൾ കുമിളകൾ പൊങ്ങിവരുന്ന ‘ബുഡ്ബുദ്യഞ്ചി താലി’ (കുമിളകളുടെ തടാകം) എന്ന അത്ഭുത തടാകമാണ് സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകുന്നത്.
400 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ഈ ശുദ്ധജല തടാകത്തിൽ ചെറിയൊരു കൈയടിയുണ്ടായാൽ പോലും ശാന്തമായ ജലോപരിതലത്തിൽ നിന്ന് കുമിളകൾ ഉയർന്നുവരും. ശബ്ദത്തിന്റെ വ്യാപ്തി കൂടുന്നതിനനുസരിച്ച് കുമിളകളുടെ എണ്ണവും കൂടും.
തടാകത്തിന്റെ അടിത്തട്ടിൽ കുടുങ്ങിക്കിടക്കുന്ന കാർബൺ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ് തുടങ്ങിയ വാതകങ്ങളാണ് ശബ്ദതരംഗങ്ങളുടെ പ്രകമ്പനം മൂലം പുറത്തേക്ക് വരുന്നത് എന്നാണ് വിദഗ്ധരുടെ നിഗമനം.
ചെങ്കല്ലിൽ തീർത്ത ഭിത്തികളും കൊത്തിയെടുത്ത ഗ്രാനൈറ്റ് പടവുകളുമുള്ള തടാകം സുഗന്ധവ്യഞ്ജന തോട്ടങ്ങളാൽ ചുറ്റപ്പെട്ട ശാന്തമായ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
സൗത്ത് ഗോവയിലെ നേത്രാവലി ഗ്രാമത്തിലുള്ള പ്രശസ്തമായ ഗോപിനാഥ് ക്ഷേത്രത്തിന് സമീപമാണ് ഈ തടാകം.
വിമാനമാർഗ്ഗം: ദബോലിം വിമാനത്താവളത്തിൽ നിന്ന് 70 കി.മീ.
ട്രെയിൻ മാർഗ്ഗം: മഡ്ഗാവ്, കാനക്കോണ റെയിൽവേ സ്റ്റേഷനുകൾ.
റോഡ് മാർഗ്ഗം: മർഗോയിൽ നിന്ന് 45 കി.മീ (ടാക്സികളും ബസുകളും ലഭ്യമാണ്).















