യു.എ.ഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിനെ ദുബായ് മെട്രോയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന വൻകിട വികസന പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇത്തിഹാദ് റെയിലിൽ മറ്റ് എമിറേറ്റുകളിൽ നിന്ന് ദുബായിലെത്തുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ മെട്രോയിലേക്ക് മാറി നഗരത്തിൽ സഞ്ചരിക്കാൻ അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.
ഇത്തിഹാദ് റെയിലിന്റെ ദുബായ് അൽ യലായീസ് സ്റ്റേഷനെ, ദുബായ് മെട്രോ റെഡ് ലൈനിലുള്ള ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനുമായാണ് ബന്ധിപ്പിക്കുന്നത്.
ഇരു സ്റ്റേഷനുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി കൂറ്റൻ സ്റ്റീൽ ഫ്രെയിം ഘടനയിലുള്ള പ്രത്യേക കാൽനടപ്പാലത്തിന്റെ നിർമ്മാണം വേഗത്തിൽ നടന്നു വരികയാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ചെയർമാൻ മത്തർ അൽ തായർ അറിയിച്ചു.
ഈ മാസം 30 മുതൽ ഇത്തിഹാദ് റെയിൽ ദുബായിൽ നിന്ന് പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ഈ സംവിധാനം പ്രയോജനപ്പെടും.
ഇതോടെ ദുബായ് നിവാസികൾക്ക് മെട്രോ വഴി ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെത്തി അൽ യലായീസ് സ്റ്റേഷൻ വഴി അബുദാബിയിലേക്കോ ഫുജൈറയിലേക്കോ തിരിച്ചോ വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കും.















