യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി ഞായറാഴ്ചകളിലും പാസ്‌പോർട്ട് വാങ്ങാൻ അവസരം. അൽ ഹിന്ദ് നടത്തുന്ന 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ച പാസ്‌പോർട്ട് കളക്ഷൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു.
രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 വരെയാണ് ഈ സേവനം ലഭ്യമാകുക. . ജോലി ഉൾപ്പെടെ തിരക്കുകൾ കാരണം പ്രവൃത്തിദിവസങ്ങളിൽ പാസ്‌പോർട്ട് സെന്‍ററിലെത്താൻ കഴിയാത്തവർക്കും വാരാന്ത്യത്തിൽ കൊറിയർ വഴി പാസ്‌പോർട്ട് ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നവർക്കും സഹായകമാകുന്ന സംവിധാനമാണ് പ്രവർത്തനം ആരംഭിച്ചത്. ഞായറാഴ്ച പാസ്പോർട്ട് കൈപ്പറ്റാനുള്ള അവസരം മാത്രമാണുള്ളത്. പുതിയ അപേക്ഷകൾ സ്വീകരിക്കില്ല.
അബൂദബിയിലെ ഇന്ത്യൻ എംബസിയുടെയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും മാർഗനിർദേശത്തിലാണ് പുതിയ സേവനം ആരംഭിച്ചത്. പ്രവൃത്തിദിവസങ്ങളിൽ സെന്‍ററിലെത്താൻ കഴിയാത്തവർക്കൊപ്പം അടിയന്തര സാഹചര്യങ്ങളിൽ കൊറിയറിനായി കാത്തിരിക്കാതെയും ഞായറാഴ്ച തന്നെ ഐസിഎസി സെന്‍ററിലെത്തി പാസ്പോർട്ട് വാങ്ങാൻ സാധിക്കും.
അടിയന്തര യാത്രകൾ, പുതിയ വിസ, എമിറേറ്റ്സ് ഐഡി ഉൾപ്പെടെ ഔദ്യോഗിക നടപടികൾ എന്നിവക്കായി പാസ്‌പോർട്ട് ഉടൻ ആവശ്യമായവർക്ക് പുതിയ സംവിധാനം പ്രയോജനപ്പെടും. നിലവിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ഐസിഎസി പ്രവർത്തനമുള്ളത്.















