കടുത്ത ചൂടിനും ഈർപ്പമുള്ള കാലാവസ്ഥയ്ക്കും ആശ്വാസമേകി യു.എ.ഇ കുളിരുള്ള ദിനങ്ങളിലേക്ക് കടക്കുന്നു. രാജ്യത്ത് താപനില ക്രമാനുഗതമായി കുറഞ്ഞുവരുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ ഈ വേനൽക്കാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി.
അൽ ഐനിലെ റക്നയിൽ രാവിലെ ആറ് മണിക്ക് താപനില 18.8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. റക്നയ്ക്ക് പുറമേ ദംതയിൽ 21.4 ഡിഗ്രി സെൽഷ്യസും അൽ വത്ബയിൽ 22.3 ഡിഗ്രി സെൽഷ്യസ് വീതവും പുലർച്ചെ താപനില അനുഭവപ്പെട്ടു.
രാത്രിയിലും രാവിലെയുള്ള സമയങ്ങളിലും നല്ല കുളിർമ അനുഭവപ്പെടുന്നുണ്ടെങ്കിലും, ഉച്ചസമയങ്ങളിൽ ചൂട് തുടരുന്നുണ്ട്.
ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം സെപ്റ്റംബർ 23 ബുധനാഴ്ച ‘ശരത്കാല വിഷുവത്തോടെ’ യുഎഇയിൽ വേനൽക്കാലം ഔദ്യോഗികമായി അവസാനിക്കും.
വരും ദിവസങ്ങളിൽ ചൂട് കൂടുതൽ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. എങ്കിലും പൂർണ്ണമായ തണുപ്പുകാലത്തിലേക്ക് പ്രവേശിക്കാൻ അല്പം കൂടി സമയമെടുക്കും.
ഇതിനിടയിൽ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ രാജ്യത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.















