അയല്‍രാജ്യമായ മ്യാന്മറിലെ സായുധ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ യുഎസ് പൗരന്‍ മാത്യു ആരോണ്‍ വാന്‍ഡിക് ഉള്‍പ്പെടെ ഏഴ് വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പ്രതികള്‍ക്ക് ഒരു മാസം സ്വദേശത്ത് പോയി കുടുംബത്തോടൊപ്പം കഴിയാന്‍ ഡല്‍ഹിയിലെ എന്‍ഐഎ കോടതി അനുമതി നല്‍കിയത്. ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതമുള്ള ക്യാഷ് ബോണ്ടില്‍ പ്രതികളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. യുഎസ് പൗരന്‍ മാത്യു ആരോണ്‍ വാന്‍ഡിക്കും ആറ് യുക്രൈന്‍ പൗരന്മാരുമാണ് കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായത്. എന്നാല്‍, ഇവര്‍ക്കെതിരെ യുഎപിഎ പോലുള്ള കടുത്ത നിയമങ്ങള്‍ ഒഴിവാക്കിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് പ്രതികള്‍ ജാമ്യം നേടിയത്. പിന്നില്‍ അമേരിക്കയുടെ ഇടപെടല്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
മേയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, മാത്യു വാന്‍ ഡിക്കിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയോട് ഉന്നയിച്ചിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താതെ എന്‍ഐഎ കുറ്റപത്രം നല്‍കിയത്. ആവശ്യമെങ്കില്‍ അനുബന്ധ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കാമെന്നായിരുന്നു കോടതിയെ എന്‍ഐഎ അറിയിച്ചത്. രാഷ്ട്രീയ എതിരാളികളെയും ആക്ടിവിസ്റ്റുകളെയും നിസാര കേസുകളില്‍ പോലും യുഎപിഎ ചുമത്തി വര്‍ഷങ്ങളോളം ജാമ്യം നിഷേധിച്ച് ജയിലിലിടുമ്പോള്‍ വിദേശ പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.
മാത്യു ആരോണ്‍ വാന്‍ ഡിക്കിനെ മാര്‍ച്ച് 13ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. മറ്റു പ്രതികളായ യുക്രൈന്‍ പൗരന്മാരായ കാമിന്‍സ്‌കി, പെട്രോ ഹുര്‍ബ, താരാസ് സ്ലിവാക്, ഇവാന്‍ സുക്മനോവ്‌സ്‌കി, മരിയന്‍ സ്റ്റെഫാന്‍കിവ്, മക്സിം ഹോഞ്ചറുക് എന്നിവരെ ലഖ്നൗ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ പ്രവേശിക്കുകയും ആവശ്യമായ പെര്‍മിറ്റുകള്‍ ഇല്ലാതെ വടക്കുകിഴക്കന്‍ മേഖലയിലേക്ക് യാത്ര ചെയ്യുകയും ചെയ്‌തെന്ന് എന്‍ഐഎ പറയുന്നു. തുടര്‍ന്ന് മിസോറാമില്‍ നിന്ന് മ്യാന്‍മറിലേക്ക് അനധികൃതമായി കടന്നു. അവിടുത്തെ വംശീയ സായുധ സംഘടനകള്‍ക്ക് ഇന്ത്യക്കെതിരായ നീക്കങ്ങളില്‍ പരിശീലനം നല്‍കിയതായും പറയുന്നു.