ഉറങ്ങുമ്പോൾ അറിയാതെയാണെങ്കിലും ഒരു കാൽ അല്ലെങ്കിൽ കാലിന്റെ ഒരു ഭാഗം പുതപ്പിന് പുറത്തേക്ക് ഇടുന്നത് പലരുടെയും ശീലമാണ്.
കാഴ്ചയിൽ നിസ്സാരമെന്ന് തോന്നുമെങ്കിലും, ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതിനായി ശരീരം സ്വയം സ്വീകരിക്കുന്ന ഒരു സ്വാഭാവിക മാർഗ്ഗമാണിത്.
ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ, നമ്മുടെ ശരീരം സ്വഭാവികമായി ശ്രമിക്കും. പുതപ്പിനുള്ളിൽ ചൂട് കൂടുതലായി അനുഭവപ്പെടുമ്പോൾ, ശരീരത്തിന്റെ അധിക ചൂട് കുറയ്ക്കാനുള്ള സ്വഭാവിക ശ്രമത്തിന്റെ ഭാഗമായാണ് ചിലർ കാലോ, കാലിന്റെ ഒരു ചെറിയ ഭാഗമോ പുതപ്പിന് പുറത്തേക്കിടുന്നത്.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ചൂട് കൈമാറ്റം കൂടുതലായി നടക്കുന്ന ഭാഗമായാണ് കാലുകളെയും കൈകളേയും കണക്കാക്കുന്നത്.
അതിനാൽ കാൽ പുതപ്പിന് പുറത്തിടുന്നത് ശരീരത്തിന്റെ സ്വഭാവികമായ താപനില നിലർത്താൻ സഹായിക്കും. കൂടാതെ ഒരു കാൽ പുറത്തിടുന്നതിലൂടെ കൂടുതൽ സുഖകരമായ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
എല്ലാവരും കാൽ പുറത്തിട്ട് ഉറങ്ങണമെന്നില്ല. മുറിയിലെ താപനില, പുതപ്പിന്റെ കനം, ഓരോരുത്തരുടേയും ശരീരഘടനയോടും ചൂടിനോടുള്ള പ്രതികരണവും അനുസരിച്ച് ഉറക്കശീലവും വ്യത്യാസപ്പെടാം.
അതിനാൽ ഉറങ്ങുമ്പോൾ കാൽ പുറത്തേക്കിടുന്ന ശീലമുണ്ടെങ്കിൽ അതിൽ ആശങ്കപ്പെടേണ്ടതില്ല. സുഖകരമായ താപനില നിലനിർത്താൻ ശരീരം സ്വഭാവികമായി സ്വീകരിക്കുന്ന ഒരു ശീലമാണിത്.