കാശ്മീരിലെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ നിശബ്ദത അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികളെ ആകർഷിച്ച് മാനസബൽ തടാകം.
കണ്ണാടി പോലുള്ള തെളിഞ്ഞ വെള്ളവും ശാന്തമായ അന്തരീക്ഷവും കൊണ്ട് ശ്രദ്ധേയമായ ഈ തടാകം ഇന്ത്യയിലെ തന്നെ ഏറ്റവും ആഴമേറിയ ശുദ്ധജല തടാകങ്ങളിൽ ഒന്നാണ്.
ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ വടക്കോട്ട് മാറി ഗന്ധർബൽ ജില്ലയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
തടാകത്തിൽ പകുതിയോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന എട്ടാം നൂറ്റാണ്ടിലെ പുരാതന കൽക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ജലനിരപ്പ് ഉയരുമ്പോൾ പൂർണ്ണമായും വെള്ളത്തിനടിയിലാകുന്ന ഈ ശിവക്ഷേത്രം പ്രാചീന വാസ്തുവിദ്യയുടെ അപൂർവ്വ മാതൃകയാണ്.
തടാകക്കരയിൽ നൂർജഹാൻ രാജ്ഞി നിർമ്മിച്ച ചരിത്രപ്രസിദ്ധമായ ‘ജറോഖ ബാഗ്’ എന്ന ഉദ്യാനവും ചിനാർ മരങ്ങളും കാഴ്ചക്കാർക്ക് മനോഹര അനുഭവമേകുന്നു.
ബി.എസ്.എഫ് ക്യാമ്പിനോട് ചേർന്ന് ആരംഭിച്ച പുതിയ പദ്ധതി വഴി പട്ടുനൂൽപ്പുഴു വളർത്തലും പട്ടുനിർമ്മാണവും സഞ്ചാരികൾക്ക് നേരിട്ട് കണ്ടറിയാം.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെളിഞ്ഞ വെള്ളത്തിൽ വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കൾക്കിടയിലൂടെയുള്ള ശിക്കാര യാത്ര തടാകത്തിന്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ സഹായിക്കും.
ശ്രീനഗർ എയർപോർട്ടിൽ നിന്ന് 40 കി.മീറ്ററും, ശ്രീനഗർ നഗരത്തിൽ നിന്നോ ലാൽ ചൗക്കിൽ നിന്നോ ടാക്സി മാർഗ്ഗം 50 മിനിറ്റും (30 കി.മീ) കൊണ്ട് ഇവിടെയെത്താം.















