ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നഗരത്തിൽ നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ സ്വദേശിനിയായ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിലായി. പ്രതികളിൽ നിന്ന് 306.468 ഗ്രാം എം.ഡി.എം.എയാണ് പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ആദ്യം രണ്ടുപേർ പിടിയിലായി. കളപ്പുരയ്ക്കൽ റോഡിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് ചേർത്തല തിരിച്ചാറ്റുകുളം തച്ചൻവീട്ടിൽ അഫ്സൽ (23), ചെങ്ങന്നൂർ പുത്തൻകാവ് ആലുംമൂട്ടിൽ ജസ്ന സൂസൻ ജൂബി (20) എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 199.038 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിൽ തുടർന്ന് കൊച്ചി പാണ്ടിക്കുടി സ്വദേശി വിഷ്ണു ബി. പൈ (34) പിടിയിലായി. ഇയാളിൽ നിന്ന് 107.430 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാറിന്റെ നിർദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന നടന്നത്.















