പ്രിയദര്‍ശിനി ബസിലെ യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച കണ്ടക്ടര്‍ക്കെതിരെ നടപടി. എറണാകുളം ഡിപ്പോയിലെ കണ്ടക്ടറെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തി.തുടര്‍ന്നായിരുന്നു നടപടി.
ശനിയാഴ്ച ഗുരുവായൂര്‍ – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തിയ എറണാകുളം ഡിപ്പോയിലെ ആര്‍ എസ് എ 173 എന്ന പ്രിയദര്‍ശിനി ബസില്‍ ആയിരുന്നു സംഭവം. കണ്ടക്ടര്‍ അപമാനിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി പറവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും നടപടിക്ക് നിര്‍ദ്ദേശിക്കുകയും ആയിരുന്നു.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി. എസ് പ്രമോജ് ശങ്കര്‍ വ്യക്തമാക്കി. ബസില്‍ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാര്‍ദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്തമാണ്. യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന ഇത്തരം പരാതികള്‍ ഗൗരവമായി പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : student was humiliated in Priyadarshini bus, Conductor suspended















